കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നല്‍കുന്ന ‘മൂന്നാം വരവ് മുന്നേ അറിയാം മുന്നേ ഒരുങ്ങാം’ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രകാശന ചടങ്ങ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഹി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത്, പോലീസ്, പദ്മാവതി മെഡിക്കല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ കല്ലട സൗഹൃദം കൂട്ടായ്മയാണ് 20 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം തയ്യാറാക്കിയത്. ഗിരീഷ് കല്ലടയാണ് സംവിധാനം. കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ട് താഴെ തട്ടില്‍ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണന്‍, ശാസ്താംകോട്ട ഡി.വൈ.എസ്. പി. പി. രാജ്കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.