ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതു വിപണിയില്‍ പരിശോധന തുടരുന്നു. മൂര്‍ക്കനാട്, കല്ലരട്ടിക്കല്‍, എടക്കാട്ടുപറമ്പ്, പനംപിലാവ്, വെറ്റിലപ്പാറ, പൂവത്തിക്കല്‍, തെഞ്ചേരി മേഖലകളില്‍ റേഷന്‍ കടകള്‍ ഉള്‍പ്പെടെ 12 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി. റേഷന്‍ കടകളില്‍ ജൂലൈ മാസത്തെ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണ, പഞ്ചാസാര എന്നിവയുടെയും ലഭ്യത  ഉറപ്പു വരുത്തി. പൊതുവിപണി പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.  വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഒരു സ്ഥാപനത്തിന് നോട്ടീസ് നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ അബ്ദുനാസര്‍, ജീവനക്കാരനായ രഞ്ജിത്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.