സഹപാഠിക്ക് വീട് നിർമിച്ചുനൽകാനുള്ള വിദ്യാർഥികളുടെ മനസ് ഏത് ഭൗതിക, സാമ്പത്തിക സാഹചര്യങ്ങളേക്കാളും പ്രധാനപ്പെട്ടതാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഹയർസെക്കൻഡറി നാഷനൽ സർവീസ് സ്‌കീമിന്റെ രജത ഭവന പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച 71 മുതൽ 76 വരെ ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ, സാമൂഹ്യ ജീവിതത്തിലെ ഒരു രജതരേഖയാണ് പാവപ്പെട്ട വിദ്യാർഥികൾക്ക് വീടുനൽകുന്ന ഈ പദ്ധതി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജതനാളം ഉണർത്തുപാട്ട് സി.ഡിയുടെയും എൻ.എസ്.എസ് പ്രവർത്തന കലണ്ടറിന്റെയും പ്രകാശനം മന്ത്രി നിർവഹിച്ചു. റിപ്പബ്‌ളിക് ദിനപരേഡിൽ പങ്കെടുത്ത എൻ.എസ്.എസ് വോളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി.പി. സജിത്ത്ബാബു അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ഡയറക്ടർ പി.കെ. സുധീർബാബു, എൻ.എസ്.എസ് സെൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ, സ്‌റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. കെ. സാബുക്കുട്ടൻ, ഹയർ സെക്കൻഡറി ജോയിൻറ് ഡയറക്ടർ (എക്‌സാം) ഇമ്പിച്ചിക്കോയ, ജേയിൻറ് ഡയറക്ടർ (അക്കാദമിക്) ഡോ. പി.പി. പ്രകാശൻ, ഡെപ്യൂട്ടി ഡയറക്ടർ നൗഷാദ്, നാരായണി തുടങ്ങിയവർ സംബന്ധിച്ചു.