കാസർഗോഡ്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്. ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും മൂന്നാം സ്ഥാനം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിക്കുമാണ്. കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ പഞ്ചായത്തുമായാണ് പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതി ഒന്നാം സ്ഥാനം പങ്കിട്ടത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയയും മൂന്നാം സ്ഥനത്തിന് 25000 രൂപയുമാണ് സമ്മാനത്തുക.

പൈതൃകത്തിലൂന്നി പിലിക്കോട് മാതൃക

വേറിട്ട ജനക്ഷേമ മാതൃകകള്‍ സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്. നാടിന്റെ പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയപ്പോള്‍ പൈതൃകം നാട്ട്മാവ് പദ്ധതി, പൈതൃകം വിത്തുഉത്സവം, വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ജൈവതാളം പദ്ധതി ജൈവ വൈവിധ രജിസ്റ്റര്‍ തുടങ്ങിയവ നാടിന് പുത്തന്‍ കാഴ്ചപ്പാട് നല്‍കി.

നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളേയും മാമ്പഴപ്പെരുമയേയും നില നിര്‍ത്താനായി ആവിഷ്‌കരിച്ച പൈതൃകം നാട്ട്മാവ് പദ്ധതിയും അതിനോട് അനുബന്ധിച്ച് നടത്തിയ 2019 മെയില്‍ പതിനാറ് വാര്‍ഡുകളിലേയും കുടുംബശ്രീ, എ ഡി എസുകള്‍ പങ്കെടുത്ത നാട്ടു മാമ്പഴഫെസ്റ്റും നൂതന കാല്‍വെപ്പായിരുന്നു. ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ എഡിഎസ് 450 ഓളം നാടന്‍ മാവിന്‍ തൈകള്‍ ഉണ്ടാക്കുന്ന ഒരു നഴ്സറിയും നിര്‍മ്മിച്ചു. 2019 ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ഈ മാവിന്‍ തൈകള്‍ പുതിയ ഒരു സ്ഥലത്ത് നടുകയും ചെയ്തു.കൂടാതെ നാടന്‍ വാഴയിനങ്ങളെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പൈതൃകം നാട്ട് വാഴ പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു.

പഞ്ചായത്തിലെ 13 പാടശേഖരസമിതികള്‍ വഴി 40 ഇനം നാടന്‍ നെല്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനും അവ കൃഷി ചെയ്യുന്നതിനുമായി നടപ്പാക്കിയ പൈതൃകം വിത്തു ഉത്സവം, ഹൈബ്രിഡ് നെല്ല് വിത്തുകള്‍ക്ക് പകരം നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനായി ബി എം സി വഴി പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു കാര്‍ഷീക പദ്ധതിയാണ് പൈതൃകം നെല്ല് വിത്ത് ഗ്രാമം എന്നിവ നെല്‍ക്കൃഷി സംരക്ഷണത്തിന്റെ പുത്തന്‍ മാതൃകയായി. പഞ്ചായത്തിനകത്തും പുറത്തുമുള്ള 45 ഇനം നാടന്‍ നെല്ല് വിത്തിനങ്ങള്‍ പിലിക്കോട് ഇന്ന് സംരക്ഷിച്ചു വരുന്നു. 75 നാടന്‍ നെല്‍വിത്ത് ഇനങ്ങള്‍ സംരക്ഷിക്കാനാണ് ബി എം സി ലക്ഷ്യമിടുന്നത്. പിലിക്കോടിനെ പൈതൃക നെല്‍വിത്ത് ഗ്രാമമായി കഴിഞ്ഞവര്‍ഷം തന്നെ കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജൈവതാളം എന്ന പേരില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ ബി എം സി കള്‍ ജൈവോദ്യാനം, ജൈവ വൈവിധ രജിസ്റ്റര്‍, വിദ്യാലയ കോമ്പോണ്ടില്‍ ഔഷധതോട്ടം എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിന്റേയും പരിസരത്തും, വദ്യാര്‍ത്ഥികളുടെ വീട്ടുപറമ്പിലും ലഭ്യമാകുന്ന ഔഷധ ചെടികള്‍ പ്രസ്തുത തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു. പഞ്ചായത്തിലെ ഒമ്പതോളം കാവുകള്‍ സംരക്ഷിക്കുന്നതിനും ബി എം സിയുടെയും കാരണവ കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു. ജൈവവേലി കെട്ടുക, കാവുകളെ പുഷ്ടിപ്പെടുത്തുക,കയ്യേറ്റം തടയുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പിലിക്കോട് മുന്‍ പഞ്ചായത്ത് മുന്‍ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ഭരണ സമിതിയും തുടരുകയാണ്. നടന്നത്.

ജലസംരക്ഷണത്തിലൂന്നി കരിന്തളം മാതൃക

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജൈവവൈവിധ്യത്തെ വീണ്ടെടുക്കാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിക്കാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇടനാടന്‍ ചെങ്കല്‍ ഭൂമികളിലെ സീസണലായ ഉപരിതല ജലാശയങ്ങളായ പള്ളങ്ങള്‍, പാറകുളങ്ങള്‍ എന്നിവയുടെ കൈയേറ്റം തടയാനും സംരക്ഷിക്കുവാനും ബോധവത്ക്കരണ പരിപാടികള്‍. കാലിച്ചാമരം വലിയപള്ളം സംരക്ഷണത്തിനു ജനകീയ സമിതി രൂപീകരിക്കുകയും പള്ളം ഭൂമി സ്വകാര്യവ്യക്തികള്‍ക്കു പതിച്ചു നല്‍കിയ നടപടി പിന്‍വലിക്കുക യും പട്ടയങ്ങള്‍ റദ്ദു ചെയ്യാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.പള്ളങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങളും കയ്യേറ്റങ്ങളും തടഞ്ഞു.

കാവുകളുടെ സംരക്ഷണത്തിനായി സ്‌കൂള്‍ ജൈവവൈവിധ്യക്ലബ്ബുകളുടെ സേവനം പ്രയോജനപ്പെടുത്തി. തലയടുക്കം ഖനന ഭൂമി മാലിന്യമുക്തമാക്കി പ്രകൃതിദത്ത ജലസംഭരണിയൊരുക്കി. ഉപയോഗശൂന്യമായ ക്വാറിയില്‍ മത്സ്യക്കൃഷി,കയര്‍ ഡീ ഫൈബറിംഗ് യൂണിറ്റ്,പഞ്ചായത്തിലെ 15 ഏക്കര്‍ തരിശ് ഭൂമിയില്‍ നാടന്‍ നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് നെല്‍കൃഷി നടത്തുകയും കര്‍ഷകരില്‍ നിന്നും നെല്ലുശേഖരിച്ച് കെ കെ റൈസ് എന്ന പേരില്‍ അരി ബ്രാന്‍ഡു ചെയ്തു വിപണിയിലെത്തിച്ചത് ഉള്‍പ്പെടെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും ബി എം സി യുടെ നേതൃത്വത്തില്‍ നടപ്പാക്കി. ജല സംരക്ഷണത്തിനുള്ള നബാര്‍ഡിന്റെ പലതുള്ളി സംസ്ഥാന അവാര്‍ഡും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് മുന്‍ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നിലവിലെ ഭരണ സമിതിയും തുടരുകയാണ്. നടന്നത്.