പാലക്കാട് ജില്ലയില്‍ ആദിവാസി- പട്ടിക ജാതിക്കാര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടോയെന്നുള്ളത് പരിശോധിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.
റവന്യു വകുപ്പില്‍ നടപ്പിലാക്കുന്ന വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ എംഎല്‍എ മാരുമായുള്ള യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജില്ലയില്‍ വിവിധ ലക്ഷം വീട് കോളനികളിലെ കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല എന്ന പരാതികളില്‍ എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എംഎല്‍എ മാര്‍ക്ക് ഉറപ്പു നല്‍കി. കൊച്ചി – ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കും ഗ്യാസ് പൈപ്പ് ലൈനിനും വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല എന്ന പരാതി ഗൗരവമായി എടുക്കുമെന്നും പ്രളയ ദുരിതാശ്വാസ ഫണ്ടും എത്രയും വേഗം കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, പി.മമ്മികുട്ടി, കെ.പ്രേംകുമാര്‍, കെ.ശാന്തകുമാരി, എന്‍.ഷംസുദ്ദീന്‍, എ പ്രഭാകരന്‍, ഷാഫി പറമ്പില്‍, പി.പി.സുമോദ്, കെ.ബാബു, കെ.ഡി.പ്രസേന്നന്‍, സ്പീക്കറുടെ പ്രതിനിധിയും, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡോ.എ.ജയതിലക്, ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജു ഐഎഎസ്, ജില്ലാ കളക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.