പത്തനംതിട്ട: ജില്ലയില്‍ ക്യാമ്പ് ചെയ്തിട്ടുള്ള നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്(എന്‍ഡിആര്‍എഫ്) സംഘത്തിന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുളനടയിലെ എന്‍ഡിആര്‍എഫ് ക്യാമ്പില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വിവരങ്ങളുമായിരുന്നു സെമിനാറിന്റെ പ്രധാന വിഷയം. ഡിസി വോളന്റിയേഴ്‌സ് പ്രതിനിധികളായ വിഷ്ണു ഗോപിനാഥ്, സിയാദ് എ കരിം, ജില്ല ദുരന്ത നിവാരണവകുപ്പ് ഹസാഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവരാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

ജില്ലയുടെ ഭൂമി ശാസ്ത്രത്തെക്കുറിച്ച് പഠിച്ച്, പ്രളയ സാധ്യതകളും കാരണങ്ങളും മനസിലാക്കി ഫ്‌ളഡ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ല്‍ ജില്ല കളക്ടറുടെ കീഴില്‍ ഡിസി വോളന്റിയേഴ്‌സിന്റെ എട്ട് അംഗ വോളന്റിയര്‍ ടീം രൂപീകരിക്കുന്നത്. 2018 – 2019 പ്രളയാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ജില്ല ഭരണകേന്ദ്രം ഇങ്ങനെ ഒരു ആശയത്തില്‍ എത്തിച്ചേര്‍ന്നത്.

പെയ്യാന്‍ പോകുന്ന മഴയുടെ അളവ് അനുസരിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളം എത്തിച്ചേരുന്ന സമയം, വെള്ളത്തിന്റെ ഉയരം, വെള്ളം എത്താവുന്ന സ്ഥലങ്ങളുടെ വ്യാപ്തി എന്നിവ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കുവാനും അതുവഴി തയ്യാറെടുപ്പുകള്‍ യഥാസമയത്തിന് ചെയ്യുവാനും സാധിക്കും എന്നതാണ് ഈ മാസ്റ്റര്‍ പ്ലാനിന്റെ പ്രധാന സവിശേഷത.

അമിതമായ ജലപ്രവാഹത്തിന്റെ ഗതി മനസിലാക്കി ദുരന്ത സമയത്തുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യറിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡിആര്‍എഫ് സംഘത്തിന് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിന്തുണയോടെയാണ് വോളന്റിയര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ടു പോകുന്നത്.