കാസർഗോഡ്: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ നല്‍കും. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും കോണ്ടാക്ട് ട്രേസിങ് ഉള്‍പ്പെടെ നടക്കുക.

എല്ലാ ദിവസവും ഇത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്ക് കൈമാറും. പ്രതിദിന റിപ്പോര്‍ട്ട് ബിഡിഒ ജില്ലാ കളക്ടര്‍ക്ക് നല്‍കും. നിലവിലെ കോവിഡ് ബാധിതരുടെ സമ്പര്‍ക്ക പട്ടികയുടെ അനുപാതം 1:3.2 എന്ന നിലയിലാണ്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായ പരമാവധി ആളുകളെ കണ്ടെത്തണം.

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും ഇല്ലാത്തവരെയും പരിശോധനക്ക് വിധേയരാക്കുമെന്നും ആദിവാസി മേഖലകള്‍, 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പ് രോഗികള്‍, ഗുരുതര രോഗം ബാധിച്ചവര്‍ തുടങ്ങിവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.