കാസർഗോഡ്: കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്ത് അജാനൂര്‍ പഞ്ചായത്ത്. ഡിജിറ്റല്‍ ചലഞ്ചിലൂടെ പഞ്ചായത്തിലെ 10 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത 10 മൊബൈലുകള്‍ പഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. ഫോണുകള്‍ ഡോക്ടര്‍ രാഘവേന്ദ്ര പ്രസാദ് വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. കൃഷ്ണന്‍, ഷീബ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. റോട്ടറി ക്ലബ് ഭാരവാഹികളായ എം കെ വിനോദ്, സി ഗിരീഷ് നായര്‍, എന്‍ സുരേഷ്, എം വിനോദ്, സജീവ് ജോസ് എന്നിവര്‍ സംബന്ധിച്ചു. എം വിനോദ് സ്വാഗതവും പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് വി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ പഠനം ഓണ്‍ലൈനായതോടെ ഡിജിറ്റല്‍ വിടവ് നികത്തുന്നതിനായി പഞ്ചായത്ത് തലത്തിലും സ്‌കൂള്‍ തലത്തിലും സമിതികള്‍ രൂപീകരിച്ച് സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.