പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ വോട്ടിംഗ് പ്രചാരണ പരിപാടിയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ ഏറ്റവും കൂടുതല്‍ കന്നിവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയ കോളെജുകള്‍ക്കുള്ള ജില്ലാ കലക്ടര്‍ ട്രോഫി പുരസ്‌കാരം വിതരണം ചെയ്തു.

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കോളെജുകളില്‍ നടത്തിയ ക്യാംപെയ്‌നില്‍ അഹല്യ കോളെജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി അധികൃതര്‍ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യക്ഷനായി.

വോട്ടിങിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനും കൂടുതല്‍ വോട്ടര്‍മാരെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും കോളെജുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കലക്ടര്‍ പുരസ്‌ക്കാര വിതരണം ചെയ്ത് പറഞ്ഞു. യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-മുണ്ടൂര്‍, വി.ടി.ബി കോളെജ്-ശ്രീകൃഷ്ണപുരം, കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ്-വടക്കഞ്ചേരി, എ.എം.സി കോളെജ്- ഒറ്റപ്പാലം എന്നീ കോളെജുകള്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.