അഴിമതി നടത്തുന്നവര്‍ക്കും അതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കുമെതിരെ മുഖം നോക്കാതെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. വിഷന്‍ & മിഷന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്്. റവന്യു വകുപ്പിനെ ജനകീയവും കാര്യക്ഷമമാക്കലുമാണ് ലക്ഷ്യം അതിനാണ് വിഷന്‍ & മിഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. റവന്യു ഓഫീസുകളില്‍ ജനങ്ങള്‍ സമീപിക്കുമ്പോള്‍ അവരോട് സൗഹാര്‍ദപരമായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്. ഓരോ ഫയലിനും വിലയിട്ട് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലി വാങ്ങിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട സ്ഥലം മാറ്റം നടത്തിയത്. റവന്യു മന്ത്രിയുടെ അഴിമതിക്കെതിരെയുള്ള നടപടികളെ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ അഭിനന്ദിച്ചു. കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസ് ശുദ്ധീകരിച്ചതിന് മന്ത്രിയെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു എന്നാണ് മന്ത്രി പി.രാജീവും പ്രതിപക്ഷ നേതാവും യോഗത്തില്‍ പറഞ്ഞത്.
റവന്യു വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ക്ക് എംഎല്‍എ മാര്‍ പിന്തുണ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് വില്ലേജ്, റീസര്‍വ്വേ പൂര്‍ത്തിയാക്കല്‍, കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍, പട്ടയം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധങ്ങളായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. എംഎല്‍എ മാര്‍ അവതരിപ്പിച്ചതും സമര്‍പ്പിച്ചതുമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ ഒരു പ്രത്യേക ഡാഷ് ബോര്‍ഡ് ഓപ്പണ്‍ ചെയ്ത് അതില്‍ രേഖപ്പെടുത്തും.140 എംഎല്‍എ മാര്‍ക്കും ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കാനാകും. എംഎല്‍എ മാര്‍ ഉന്നയിച്ച കാര്യങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ഡാഷ് ബോര്‍ഡില്‍ കാണാന്‍ സാധിക്കുമെന്നും റവന്യു വകുപ്പ് മന്ത്രി യോഗത്തില്‍ അറിയിച്ചു.റവന്യു മന്ത്രി കെ.രാജനു പുറമേ, വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എംഎല്‍എ മാരായ പി.ടി.തോമസ്, കെ.ബാബു, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളില്‍, പി.വി.ശ്രീനിജന്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍, കെ.ജെ.മാക്സി, ആന്റണി ജോണ്‍, ടി.ജെ.വിനോദ്, മാത്യു കുഴല്‍നാടന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ജില്ലാ കളക്ടര്‍, സബ്ബ് കളക്ടര്‍, ലാന്റ് റവന്യു ഡെപ്യൂട്ടി കമ്മീഷണര്‍, സര്‍വ്വേ, ഹൗസിംഗ്, സംസ്ഥാന നിര്‍മ്മിതി കേന്ദ്ര, ഐഎല്‍ഡിഎം ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു