മലപ്പുറം: ബിരുദ – ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പ് വിതരണോദ്ഘാടനം കെ പി എ മജീദ് എംഎല്‍എ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ-ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന 41 വിദ്യാര്‍ത്ഥികള്‍ക്കാണ് പരപ്പനങ്ങാടി നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്ന് 21 ലക്ഷം രൂപ വിനിയോഗിച്ച് ലാപ്‌ടോപ്പുകള്‍ സൗജന്യമായി നല്‍കിയത്. 2018 മുതല്‍ 2021 സാമ്പത്തിക വര്‍ഷം മുതലുള്ള കാലയളവില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായവര്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുകയായിരുന്നു. നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ കൈമാറി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, സ്ഥിരം സമിതി അധ്യക്ഷരായ പി.വി. മുസ്തഫ, പിപി ഷാഹുല്‍ ഹമീദ്, സി. നിസാര്‍ അഹമ്മദ്, സീനത്ത് ആലിബാപ്പു, കെ.പി. മുഹ്‌സിന, കെ.സി. നാസര്‍, ജയദേവന്‍, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. അംഗീകൃത കോളേജുകളില്‍ റഗുലറായി പഠിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുടെ മക്കള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ അനുവദിച്ചത്.