ഓണത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി വിവിധ തദ്ദേശസ്ഥാപനങ്ങള്‍. വ്യാപാരികള്‍, ഓട്ടോ-ടാക്‌സി ടാക്‌സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്നവര്‍ക്കായി പ്രത്യേക പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കും. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി.
പുനലൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാമിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഓണത്തിന് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ നൂറ് സ്‌ക്വയര്‍ഫീറ്റില്‍ നാല് പേരെ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് നിബന്ധനാ ബോര്‍ഡുകള്‍ വയ്ക്കണം. കടകള്‍ക്ക് മുന്നില്‍ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ തയ്യാറാക്കണം. കടകളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ ആര്‍.ടി.പി.സി.ആര്‍ പരിശോധന നെഗറ്റീവോ ആയിരിക്കണമെന്നും വ്യാപാരി വ്യവസായി പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ചെമ്മന്തൂര്‍, മാര്‍ക്കറ്റ് ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ടി.ബി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥിരം അനൗണ്‍സ്‌മെന്റ് നടത്താനും ഓരോ പോയിന്റുകള്‍ കേന്ദ്രീകരിച്ചു പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഓരോ പോയിന്റുകള്‍ കേന്ദ്രീകരിച്ചുള്ള അനൗണ്‍സ്‌മെന്റ് ഓഗസ്റ്റ് 11 ന് തുടങ്ങാനും തീരുമാനമായി.
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൊബൈല്‍ ആന്റിജന്‍ ടെസ്റ്റ് യൂണിറ്റ് വഴി കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തി വരുന്നു. കോവിഡ് തീവ്രത ഏറിയ പ്രദേശങ്ങളില്‍ എല്ലാവരെയും പരിശോധിച്ച് കോവിഡ് വ്യാപന തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആന്റിജന്‍ ടെസ്റ്റ് യൂണിറ്റ് സജ്ജമാക്കിയത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
പനയം ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 25 രോഗികള്‍ ചികിത്സയിലുണ്ട്. ഇവര്‍ക്ക് ആയുര്‍വേദം, ഹോമിയോ, അലോപ്പതി മരുന്നുകള്‍ നല്‍കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനൗണ്‍സ്‌മെന്റ്കള്‍ ഊര്‍ജിതമാണ്. വാര്‍ഡുതലത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ഡോ. കെ. രാജശേഖരന്‍ പറഞ്ഞു.
പൂയപ്പള്ളിയില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത്,ആരോഗ്യ വകുപ്പ്, പൊലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമലംഘനങ്ങള്‍ തടയുന്നതിന് നീരീക്ഷണം ശക്തമാക്കി. വാക്‌സിനേഷനും കാര്യക്ഷമമായ രീതിയില്‍ നടക്കുന്നു. മെഗാ ടെസ്റ്റ് ഡ്രൈവ്, ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്നിവയും നടത്തി വരുന്നതായി പ്രസിഡന്റ് ജെസ്സി റോയി പറഞ്ഞു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയൂര്‍ മര്‍ത്തോമ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 32 രോഗികള്‍ ചികിത്സയിലുണ്ട്. ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും കോവിഡ് വ്യാപനം തടയുന്നതിനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നുണ്ട്. ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്തു. മുഴുവന്‍ പഞ്ചായത്തുകളിലും ആന്റിജന്‍ പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ലതിക വിദ്യാധരന്‍ പറഞ്ഞു.
മുഖത്തലയിലെ നെടുമ്പന പഞ്ചായത്തില്‍ ഇതുവരെ 9629 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി വി എസ് ലേഖ പറഞ്ഞു.