കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘മക്കള്‍ക്കൊപ്പം” രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ:എല്‍.പി.സ്‌കൂളില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവിഡ് കാലത്ത് രക്ഷകര്‍ത്താക്കളും കുട്ടികളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ആശ്വാസമേകാന്‍ മക്കള്‍ക്കൊപ്പം പരിപാടി പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ജിജി കെ.ഫിലിപ്പ് ചടങ്ങില്‍ അദ്ധ്യക്ഷനായി. മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ലോഹിതദാസ് എം.കെ., എഇഒ ഷീബാ മുഹമ്മദ്, പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.എ. തങ്കച്ചന്‍, ഹെഡ്മിമിസ്ട്രസ് സീമ വി.എന്‍., വിഷയ സമിതി ചെയര്‍മാന്‍ എം.തങ്കരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ഡി. അഗസ്റ്റിന്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് സി.കെ. ലതീഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് 2000 ത്തോളം രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിച്ചു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയ അന്തരീക്ഷം ഇല്ലാതായിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നല്കുന്നതിനുമായി രക്ഷിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ”മക്കള്‍ക്കൊപ്പം” രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. മക്കള്‍ക്കൊപ്പം പരിപാടി ആഗസ്ത് 9ന് അടിമാലിയിലും കട്ടപ്പനയിലും നടത്തുമെന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. ഷാജി അറിയിച്ചു.