ജില്ലയിലെ നിലവിലുള്ള പൊതുമരാമത്ത്, ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എം.എൽ.എമാരുമായി ഓൺലൈനിൽ അവലോകന യോഗം ചേർന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പദ്ധതികൾക്ക് കൃത്യമായ മേൽനോട്ടം ഉണ്ടാകണമെന്നും ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾക്കായി മുൻകൈയെടുക്കണമെന്നും മന്ത്രി എം.എൽ.എ.മാർക്ക് നിർദ്ദേശം നൽകി. കൂടാതെ എം.എൽ.എ.മാർ ആവശ്യപ്പെടുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ജില്ലയിലെ എം.എൽ. എ.മാർ, ജില്ലാ കലക്ടർ മൃണ്മയി ജോഷി, പൊതുമരാമത്ത് -ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
