ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് അഡ്വ. കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. പ്രവൃത്തി ഉദ്ഘാനം ഓണത്തിനു ശേഷം റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ബാലുശ്ശേരി പറമ്പിൻമുകളിൽ വില്ലേജ് ഓഫീസ് നിൽക്കുന്ന സ്ഥലമുൾപ്പെടെ 72 സെൻ്റ് റവന്യൂ ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക.15 കോടി രൂപയാണ് സർക്കാർ ബജറ്റിൽ ഇതിനായി അനുവദിച്ചത്. പ്രവൃത്തി ആരംഭിക്കുന്നത് വേഗത്തിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം എം.എൽ.എ വിളിച്ചു ചേർത്തു.

രണ്ട് ബേസ്മെൻ്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറ് നിലകളുള്ള കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്നത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ കഴിയും. സബ്ട്രഷറി, എക്‌സൈസ് ഓഫീസ്, എ.ഇ.ഒ. ഓഫീസ്, സബ് റജിസ്ട്രാർ ഓഫീസ്, കൃഷി ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ ഓഫീസുകളെല്ലാം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും.

യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് അംഗം പി.പി പ്രേമ, ഗ്രാമ പഞ്ചായത്ത് അംഗം പി.എൻ അശോകൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സിന്ധു ആർ.എ, റിനിൽ പി.മാത്യു, അസിസ്റ്റന്റ് എഞ്ചിനീയർ സൗമ്യ.എസ്, കൊയിലാണ്ടി എൽ.ആർ തഹസിൽദാർ ഷെറീന കെ, തുടങ്ങിയവർ പങ്കെടുത്തു.