അങ്ങാടിപ്പുറം റെയില്‍വെ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തിവരുകയാണെന്ന് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചു. 2010 ല്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ റെയില്‍വെ പാതയായിരുന്നു ഫറോക്കില്‍ നിന്നും കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം വഴി അങ്ങാടിപ്പുറം വരെയുള്ള റെയില്‍വെ ലൈന്‍. തുടര്‍ന്ന് റെയില്‍വെ ആസൂത്രണ കമീഷന്റെ അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2010 ല്‍ നിലമ്പൂര്‍ – നഞ്ചന്‍കോട് പദ്ധതിക്കൊപ്പം അങ്ങാടിപ്പുറം – ഫറോക്ക് പദ്ധതിക്ക് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയിരുന്നു. പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ ‘വിഷന്‍ 2020’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2012-13 റെയില്‍വെ ബജറ്റിലും ഇതുമായി ബന്ധപ്പെട്ട വിശദ സര്‍വേക്ക് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പദ്ധതിക്ക് വേണ്ടത്ര പുരോഗമനം ഉണ്ടാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് നിയമസഭയില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ വ്യക്തമാക്കി.