————–
ഹരിത കേരളം മിഷന്‍ കോട്ടയം നഗരസഭയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ തീരത്ത് ഇത്തിരി നേരം പദ്ധതിയില്‍ തണല്‍ മരങ്ങള്‍ നട്ടു തുടങ്ങി. പാറേച്ചാല്‍ തോടിന് ഇരുവശവുമായി കണിക്കൊന്ന, മന്ദാരം, കൂവളം എന്നീ തണല്‍ വൃക്ഷങ്ങളാണ് നടുന്നത്.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഇനി ഞാന്‍ ഒഴുകട്ടെ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന കാമ്പയിനിന്‍റെ ഭാഗമായി നഗരസഭയിലെ 52 വാര്‍ഡുകളിലെ 24 തോടുകള്‍ ശുചീകരിച്ച് പുനരുജ്ജീവിപ്പിച്ചിരുന്നു.

ഇാ കാമ്പയിനിൻ്റെ രണ്ടാം ഘട്ടമായാണ് തണല്‍ വൃക്ഷങ്ങള്‍ നടുന്നത്. സൗന്ദര്യവത്ക്കരണത്തിനായി മുള കൊണ്ടു വേലി കെട്ടി പൂചെടികളും നട്ടു. തോടിന്‍റെ വശങ്ങളില്‍ രാമച്ചം വച്ചുപിടിപ്പിക്കും.

നഗരസഭയുടെ 39-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ചിങ്ങവനം ചിറ്റടിച്ചിറ തോടിന്‍റെയും 27-ാം വാര്‍ഡിലെ പാറേച്ചാല്‍ തോടിന്‍റെയും വശങ്ങളിലാണ് ആദ്യഘട്ടത്തില്‍ രാമച്ചം നടുന്നത്.

വിനോദസഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് അടുത്ത ഘട്ടങ്ങളില്‍ തീരത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ചാരുബഞ്ചുകള്‍ സ്ഥാപിക്കുകയും കയര്‍ഭൂവസ്ത്രം വിരിക്കുകയും ചെയ്യുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷും നഗരസഭാ സെക്രട്ടറി എസ്.ബിജുവും പറഞ്ഞു.