ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന പെൺമക്കളാണെനിക്ക്. നാളെ അവരുടെ ഭാവി ജീവിതത്തിൽ എനിക്കും അവർക്കുമെല്ലാം കരുത്തേകുന്ന കുറേയേറെ പാഠങ്ങളാണ് വെബിനാറിൽ നിന്ന് തനിക്ക് ലഭിച്ചത് – മുവാറ്റുപുഴ പായിപ്ര പഞ്ചായത്തിലെ സി ഡി എസ് അംഗവും തൊഴിലുറപ്പ് തൊഴിലാളിവുമായ രമണിയുടെ വാക്കുകളാണിത്.

സ്ത്രീധനം പെൺകുട്ടികളുടെ ജീവനെടുക്കുന്ന വിപത്തായി മാറുന്ന ഇക്കാലത്ത് സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളതെന്ന ബോധമാണ് ക്ലാസിൽ നിന്നു ഞങ്ങൾക്ക് കിട്ടിയത് – കുടുംബശ്രീ അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമായ ശാന്തി ഹരിഹരൻ പിള്ളയുടെ വാക്കുകൾ.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും വനിതാ ശിശു വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച ലിംഗസമത്വവും സ്ത്രീ സംരക്ഷണ നിയമങ്ങളും എന്ന വെബിനാർ സീരീസിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയായിരുന്നു രമണിയും ശാന്തിയും.

കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയും വനിത ശിശു വികസന വകുപ്പും സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായാണ് ജില്ലയിലും വെബിനാർ സീരീസ് സംഘടിപ്പിച്ചത്. 23 ഭാഗങ്ങളായി സംഘടിപ്പിച്ച വെബിനാറുകളിൽ ജില്ലയിലെ സിഡിഎസ്, എഡിഎസ്, കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകർ പങ്കാളികളായി.
2021 ജൂലൈ 17ന് ഹൈക്കോടതി ജഡ്ജും കെൽസയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായ സി.ടി.രവികുമാറാണ് വെബിനാറിന് തുടക്കമിട്ടത്. തുടർന്ന് വിവിധ അഭിഭാഷകരുടെ നേതൃത്വത്തിലാണ് വെബിനാർ പുരോഗമിച്ചത്. സ്ത്രീ സംരക്ഷണ നിയമങ്ങൾ, സ്ത്രീ ശാക്തീകരണം, സ്ത്രീധനം എന്ന വിപത്ത്, ലിംഗ സൗഹൃദ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് വെബിനാറുകൾ നടന്നത്. സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചാലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയൂ എന്നും വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. എല്ലാ ജില്ലകളിലും ഇത്തരം ബോധവത്കരണ ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് വെബിനാറുകളിൽ ഉണ്ടാകുന്നതെന്നും ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എം.എസ്. ദീപ പ റ ഞ്ഞു.

സിബിഐ സ്പെഷ്യൽ ജഡ്ജ് കെ. കമനീഷ്, ഹൈക്കോടതി അഭിഭാഷക വി.കെ. ഹേമ, അഭിഭാഷകരായ പാർവതി മേനോൻ, കെ. എൻ. രജനി, ഭദ്ര കുമാരി, ശുഭ ലക്ഷ്മി, പി.ജി. സുരേഷ്, ടീ ന ചെറിയാൻ, പി.എം. സുരേഷ്, യമുന, സരിത രവീന്ദ്രൻ, അഖിൽ ജോർജ്, ഗജേന്ദ്ര സിംഗ് രാജ് പുരോഹിത്, ആശ എലിസബത്ത് മാത്യു, ഡോ. കെ.പി. പ്രദീപ്, റിട്ട. ജഡ്ജ് എൻ. ലീലാമണി
തുടങ്ങിയവരാണ് ക്ലാസെടുത്തത്.

ഓഗസ്റ്റ് 7ന് വെബിനാർ സീരീസിന് സമാപനമായി. സമാപനസമ്മേളനം എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജും എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സണുമായ സി.എസ് സുധ നിർവഹിച്ചു. വനിതാ സംരക്ഷണ ഓഫീസർ എം.എസ്. ദീപ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് അനിൽ എസ്. രാജ് മുഖ്യാതിഥി ആയി. എറണാകുളം ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എം. സുരേഷ്, സി ബി ഐ കോടതി സ്പെഷ്യൽ ജഡ്ജും കണയന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണുമായ ഹണി എം. വർഗീസ്, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിനി.ആർ, അഭിഭാഷക ശുഭലക്ഷ്മി, കുടുംബശ്രീ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രീതി തുടങ്ങിയവർ പങ്കെടുത്തു