ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ കരിമണ്ണൂര്‍ പള്ളിക്കാമുറി മണിമല വീട്ടില്‍ ഔസേഫ് ജോര്‍ജ്ജിനെ ആദരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ഔദ്യോഗിക നടപടികളുടെ ഭാഗമായി ഇടുക്കി സബ് കളക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഔസേഫ് ജോര്‍ജ്ജിന്റെ വീട്ടിലെത്തി അംഗവസ്ത്രവും ഷാളും അണിയിച്ചു. ഇതോടൊപ്പം രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം അടങ്ങിയ കത്തും കൈമാറി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വളരെ ചെറുപ്പത്തില്‍ തന്നെ സമര രംഗത്തിറങ്ങിയ ഔസേഫ് ജോര്‍ജ്ജിനെ പോലുള്ളവര്‍ വരും തലമുറക്ക് മാതൃകയാണെന്ന് സബ്കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ സംഘടിപ്പിച്ചുകൊണ്ട് സമര രംഗത്തിറങ്ങി ജയില്‍ വാസം അനുഭവിച്ചതുള്‍പ്പെടെ ഏറെനാള്‍ രാജ്യത്തിനായി മാറ്റി വച്ച വ്യക്തിത്വമാണ് ഔസേഫ് ജോര്‍ജ്ജിനെ പോലുള്ളവരുടേതെന്നും സബ്കളക്ടര്‍ സൂചിപ്പിച്ചു.

1928 ല്‍ പാലാക്ക് സമീപം പയപ്പാറിലെ മണിമല വീട്ടിലായിരുന്നു ഔസേഫ് ജോര്‍ജ്ജ് ജനിച്ചതും വളര്‍ന്നതും. 1942 ല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഔസേഫ് ജോര്‍ജ്ജ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ട് പ്രാവശ്യം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട് ഔസേഫ് ജോര്‍ജ്ജ്. പാലാ കേന്ദ്രീകരിച്ചായിരുന്നു ഔസേഫ് ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം. ഈ കാലയളവില്‍ പട്ടം താണുപിള്ള, ആര്‍.വി. തോമസ് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പാലായില്‍ ഒളിവില്‍ കഴിയുന്നുണ്ടായിരുന്നു. ആര്‍.വി. തോമസിന്റെ സഹോദരീ പുത്രനായിരുന്നു ഔസേഫ് ജോര്‍ജ്ജ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നവര്‍ക്ക് വേണ്ട ഭക്ഷണം എത്തിച്ച് നല്‍കുക, സന്ദേശങ്ങള്‍ കൈമാറുക തുടങ്ങിയവക്ക് ഔസേഫ് ജോര്‍ജ്ജ് നിയോഗിക്കപ്പെട്ടിരുന്നു. 1942 – 43 കാലഘട്ടത്തില്‍ മീനച്ചില്‍ താലൂക്കിലെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ ഓര്‍ഗനൈസറായിരുന്നു. ഇക്കാലയളവിലായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പാത പിന്തുടര്‍ന്ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ നയിച്ച് സമരം ചെയ്തത്. ഇതിന്റെ പേരില്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും സബ് ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ജയില്‍ മോചിതനായി വീണ്ടും സമരം ചെയ്യുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. പിന്നീട് പുറത്തിറങ്ങിയത് മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലായി. ഇതേ തുടര്‍ന്ന് ഏറെക്കാലം ഒളിവില്‍ പോകേണ്ടി വന്നു. 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാലായില്‍ വലിയ രീതിയില്‍ പ്രകടനങ്ങളും ആഘോഷങ്ങളും മറ്റും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. പാലായിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആദ്യം എറണാകുളം തേവര കോളേജിലും തുടര്‍ന്ന് തൃശൂര്‍ കേരള വര്‍മ്മ കോളേജിലും ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നു. പിന്നീട് കുടുംബ സ്വത്ത് ഭാഗം ചെയ്തപ്പോള്‍ വെള്ളിയാമറ്റത്തേക്ക് താമസം മാറ്റി. 1960 ല്‍ കാളകെട്ടി ഈറ്റത്തോട് റോസക്കുട്ടിയെ വിവാഹം ചെയ്തു. ഏഴ് മക്കളാണുള്ളത്. 1972 ല്‍ ഉടുമ്പന്നൂരിലേക്ക് മാറി വര്‍ഷങ്ങളോളം താമസിച്ചു. ഇവിടങ്ങളില്‍ പ്രകൃതി ക്ഷോഭം ഉണ്ടാകുന്നതിനെ തുടര്‍ന്ന് കരിമണ്ണൂരിലേക്ക് താമസം മാറ്റുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷന്‍ നല്‍കിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഔസേഫ് ജോര്‍ജ്ജിന് കിട്ടിയിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ കിട്ടിതുടങ്ങിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പെന്‍ഷനുള്ള അപേക്ഷ അക്കാലത്തെ പോസ്റ്റല്‍ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ബന്ധപ്പെട്ട ഓഫീസില്‍ സമയത്തെത്തിക്കാനായില്ല. ഇതിനാല്‍ ജില്ലയില്‍ നിന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ഔസേഫ് ജോര്‍ജ് പറഞ്ഞു. തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, കരിമണ്ണൂര്‍ വില്ലേജ് ഓഫീസര്‍ ഇ.കെ. അബൂബക്കര്‍ എന്നിവരും സബ്കളക്ടറോടൊപ്പം ഉണ്ടായിരുന്നു.