കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍) നല്‍കുന്ന ദേശീയ ധീരത അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നല്‍കണം. സംഭവം നടക്കുമ്പോള്‍ ആറിനും പതിനെട്ട് വയസ്സിനുമിടയ്ക്കായിരിക്കണം പ്രായം. സാമൂഹ്യ തിന്‍മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്ക്കെതിരായും അപ്രതീക്ഷിത അപകട സന്ധിയില്‍ സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 2020 ജൂലൈ ഒന്നിനും 2021 സെപ്തംബര്‍ 30നും ഇടയ്ക്കായിരിക്കണം സംഭവം.

സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിയവക്ക് പുറമെ ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡുള്ള ഭരത് അവാര്‍ഡ് 75,000 രൂപ വീതമുള്ള മാര്‍ക്കണ്ഡേയ, ശ്രവണ്‍, പ്രഹ്ളാദ്, ഏകലവ്യ, അഭിമന്യു എന്നീ പേരുകളിലുള്ളതും, നാല്‍പതിനായിരം രൂപയുടെ ജനറല്‍ അവാര്‍ഡുകളുമടക്കം 25 ദേശീയ ബഹുമതികളാണ് ദേശീയ തലത്തില്‍ നല്‍കുന്നത്. മെഡലും അവാര്‍ഡിന് പുറമെ അര്‍ഹത നേടുന്ന കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവും തുടര്‍ന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള പഠന ചെലവുകളും ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ വഹിക്കും. ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നല്‍കുന്ന സംസ്ഥാന ധീരതാ അവാര്‍ഡിനും പരിഗണിക്കും.

അപേക്ഷാ ഫോം www.iccw.co.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്ന് ഫോം ലഭ്യമാണ്. ഇതിന് 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അഡ്രസ് സഹിതം അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിനര്‍ഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത്, മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ അയയ്ക്കണം. ദേശീയ ശിശുക്ഷേമ സമിതിയില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. അപേക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുക. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ National/State Bravery Award for Children 2021 എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2324939, 2324932, 9447125124.