ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കെ-ലാംപ്‌സ് (പാർലമെൻററി സ്റ്റഡീസ്)ന്റെ ആഭിമുഖ്യത്തിൽ 2023 ആഗസ്റ്റ് വരെ നടത്തുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 10) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാംഗങ്ങൾക്കായി നിയോജക മണ്ഡല പ്രത്യേക വികസനനിധിയുടെയും ആസ്തി വികസന ഫണ്ടിന്റെയും വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയും നടക്കും.
സഭാ സമ്മേളനത്തിന് ശേഷം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എം.ബി രാജേഷ് അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സന്ദേശം നൽകും. നിയോജക മണ്ഡല വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിഷയങ്ങൾ സാമാജികർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.