ഇടുക്കി:2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കുള്ള വായ്പ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജീഷ് ബാലു, ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ രാജഗോപാലന്‍.ജി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി രൂപരേഖ കലക്ടര്‍ക്കു കൈമാറിയത്. പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 7841.69 കോടി രൂപ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5 ശതമാനം കൂടുതലാണ്. കാര്‍ഷിക മേഖലയ്ക്ക് 4290.34 കോടിയും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 707.50 കോടി രൂപയും, ഭവന വിദ്യാഭ്യാസ വായ്പ ഉള്‍പ്പെട്ട ഇതര മുന്‍ഗണന വിഭാഗത്തിന് 1770.45 കോടി രൂപയും ഉള്‍പ്പെടെ ആകെ മുന്‍ഗണന വിഭാഗത്തില്‍ 6768.29 കോടി രൂപ വായ്പ നല്‍കും.

മുന്‍ഗണനേതര വിഭാഗത്തിന് 1073.40 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 7755.31 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷ ലക്ഷ്യം 7490.66 കോടി രൂപ ആയിരുന്നു. ഇതില്‍ 5705.41 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3693.92 കോടി രൂപയും, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 922.25 കോടി രൂപയും, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലയ്ക്ക് 1089.23 കോടി രൂപയും വിതരണം ചെയ്തു. മുന്‍ഗണന വിഭാഗത്തിന് ആകെ 5705.40 കോടിയും മുന്‍ഗണനേതര വിഭാഗത്തിന് 2049.91 കോടി രൂപയുമാണ് വിതരണം ചെയ്തത്. 2021 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ചു ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 9455.10 കോടി രൂപയും, മൊത്തം വായ്പ 12307.19 കോടി രൂപയും ആണ്. ജില്ലയിലെ വായ്പ – നിക്ഷേപ അനുപാതം 130.16% എന്നത് സംസ്ഥാനത്തു ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്.

വഴിയോര കച്ചവടക്കാര്‍ക്കുള്ള പി എം സ്വാനിധി പദ്ധതിയുടെ രണ്ടാം ഘട്ടം വായ്പ ആരംഭിച്ചു. കഴിഞ്ഞ തവണ 10,000 രൂപ എടുത്തു കൃത്യമായി തിരിച്ചടച്ചവര്‍ക്കു രണ്ടാം ഗഡു 20,000 രൂപയായി വര്‍ധിപ്പിച്ചു. രണ്ടാം ഗഡുവും അത് കൃത്യമായി തിരിച്ചടച്ചാല്‍ 50,000 രൂപ മൂന്നാം ഗഡുവും വായ്പ ലഭിക്കുന്ന പദ്ധതിയാണിത്.

ഇടുക്കി ജില്ലയിലെ കാര്‍ഷിക രംഗത്തിന്റെ അഭിവൃദ്ധിയ്ക്കായി കൂടുതല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എഫ് പി ഒ ) രൂപീകരിക്കാനും കൂടാതെ നബാര്‍ഡ് മുഖാന്തിരം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി കാര്‍ഷിക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള വായ്പ പദ്ധതികളുടെ നടപടികളും പുരോഗമിച്ചു വരികയാണ്.