ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ പുലരിയെ വരവേൽക്കാൻ ജില്ലയിൽ ശനിയാഴ്ച (ഓഗസ്റ്റ് 14) സന്ധ്യയ്ക്ക് എല്ലാ വീടുകളിലും ഓഫീസുകളിലും ലൈബ്രറികളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്വാതന്ത്ര്യജ്വാല തെളിക്കും. വൈകിട്ട് ഏഴിനാണ് സ്വാതന്ത്ര്യ ജ്വാല ഒരുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ ആഘോഷത്തിന്റെ ഭാഗമായാണ് ജ്വാല തെളിക്കുന്നത്. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്‌കൂൾ വിദ്യാർഥികൾ, കോളജുകൾ, ലൈബ്രറികൾ, യൂത്ത് ക്ലബുകൾ, സാംസ്‌കാരിക സമിതികൾ, കുടുംബശ്രീ, സാക്ഷരത മിഷൻ എന്നിവ പരിപാടിയിൽ പങ്കുചേർന്ന് സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ സ്മരണയുണർത്താൻ വീടുകളിൽ തിരിനാളം തെളിക്കും.

ആലപ്പുഴ സിവിൽ സ്റ്റേഷനിൽ നടക്കുന്ന ജ്വാല തെളിക്കൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അണിചേരും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്- വിദ്യാഭ്യാസ-സാംസ്‌കാരികം-തദ്ദേശസ്വയംഭരണ- ഉന്നതവിദ്യാഭ്യാസ-ഗ്രാമവികസന വകുപ്പുകൾ, കുമാരനാശാൻ, തകഴി, കുഞ്ചൻനമ്പ്യാർ, എ.ആർ. സ്മാരക സമിതികൾ, കുടുംബശ്രീ, ജില്ല ലൈബ്രറി കൗൺസിൽ, സാക്ഷരത മിഷൻ, നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.