ആലപ്പുഴ: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ദേശീയപതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും.

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പരമാവധി ആളുകളെക്കുറച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങളോടെ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ല ആംഡ് റിസർവ് പോലീസ്, ലോക്കൽ പോലീസ്, എക്സൈസ് വിഭാഗം, വനിതാ പോലീസ് എന്നിവർ മാത്രമാണ് ഔപചാരിക പരേഡിൽ പങ്കെടുക്കുക. ഔപചാരിക പരേഡ് മാത്രമാണ് ഇത്തവണ ഉണ്ടാവുക. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 100 ആയിരിക്കും.

മാർച്ച് പാസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. മെഡലുകൾ നൽകില്ല. മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർ, മൂന്നു ശുചീകരണ തൊഴിലാളികൾ എന്നിവരെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കും. ഭക്ഷണ പാനീയ വിതരണം പാടില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കും. പ്രവേശന കവാടത്തിൽ താപപരിശോധന ഉണ്ടാകും. മതിയായ ഹാൻഡ് സാനിറ്റൈസറുകളും മാസ്‌കുകളും വേദിയിൽ ലഭ്യമാക്കും.