ആലപ്പുഴ: സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശത്തെ പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ ഈ മാസം 20 വരെയാണ് ഫെയര്‍. ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

വിപണിയില്‍ മത്സരങ്ങള്‍ നടക്കുന്ന സമയമാണ് ഉത്സവകാലം. സാധാരണക്കാരായ മലയാളിയെ ചുഷണത്തിന്റെ മേഘലയിലേക്ക് എറിഞ്ഞു കൊടുക്കില്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യപനമാണ് ഓണം ഫെയര്‍. ഇതിലൂടെ നിത്യോപകരണ സാധനങ്ങളുടെ വിലയില്‍ പൊതു വിപണിയിലേതിലും കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറിയുടെ ആദ്യ വില്‍പ്പന നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., നഗരസഭ കൗണ്‍സിലര്‍ എം.ജി. സതീദേവി, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ഓണം ഫെയറില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്‌സിഡി വിലയും ചുവടെ (നോണ്‍ സബ്‌സിഡി വില ബ്രായ്ക്കറ്റില്‍): ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50). രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഓണച്ചന്ത.