കൊച്ചി: ഓണം ഇങ്ങടുത്തെത്തി, കായ് വറുത്തതും ശർക്കര വരട്ടിയും ഉപ്പേരിയും ഇല്ലാതെ എന്ത് ഓണസദ്യ, ഇത്തവണ കൂവപ്പടി സ്വാശ്രയ കർഷക വിപണിയിൽ ഏറെ പ്രിയം ഏറിയത് നല്ലയിനം നാടൻ നേന്ത്രക്കുലകൾക്കാണ്. കൂടാതെ എല്ലാത്തരം പഴങ്ങൾക്കും ആവശ്യക്കാർ അധികമാണ്.

ഓണം അടുത്തെത്തിയതോടെ ഓണ വിഭവങ്ങൾ ഒരുക്കാൻ നാടൻ ഉൽപന്നങ്ങളുമായി കർഷകർ എത്തുന്നതോടെ ബുധൻ, ഞായർ ദിവസങ്ങളിൽ വിപണി നിറയും. പിന്നെ കേൾക്കുന്നത് വില വിളംബരമാണ്. നേന്ത്രകുലകൾ മാത്രമല്ല ചേന, മത്തൻ, കുമ്പളം, പയർ, പടവലം, ചുരക്ക, വെള്ളരി, പപ്പായ എന്നിങ്ങനെ കൂവപ്പടി വിപണിയിലെത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. രണ്ട് മണി മുതൽ വിപണിയിലേക്ക് ആവശ്യക്കാരെത്തി തുടങ്ങും. കർഷകർക്ക് ഒരുമണിവരെ ഉൽപ്പന്നങ്ങൾ വിപണിയിൽ കൊണ്ടുവരാം. അഞ്ചുമണിയോടെ വിപണി അവസാനിക്കും.

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന വിപണിയിൽ നേന്ത്രകുലകൾ 36 രൂപയ്ക്കാണ് ലേലത്തിൽ പോയത്. പൂവൻ കാലം 34 രൂപയ്ക്കും, ഞാലിപ്പൂവൻ 38, വാഴപ്പിണ്ടി 40, മത്തൻ കുമ്പളം എന്നിവ 22 രൂപയ്ക്കും ചേന 18 രൂപയ്ക്കും ലേലം വിളിച്ചു. കാന്താരി മുളകിന് 300 രൂപയ്ക്കും ഫാഷൻ ഫ്രൂട്ടിന് 180 രൂപയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ പൈനാപ്പിളിന് 28 മുതൽ 30 രൂപ വരെയാണ് വന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉള്ള മികച്ച വിലയാണിതെന്ന് വിപണി പ്രസിഡന്റ് പി വി സക്കറിയ പറയുന്നു.

ഓണം പ്രമാണിച്ച് പ്രതിദിനം 9 ലക്ഷത്തിന്റെ വിപണനമാണ് വിപണിയിൽ നടക്കുന്നത്.എന്നാൽ അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ പ്രശ്നങ്ങൾ വിപണിയെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ പ്രശ്നങ്ങൾ മൂലം ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര വിളവ് ലഭിക്കുന്നില്ല. 2020 – 21 സാമ്പത്തിക വർഷത്തിൽ 1400 മെട്രിക് ടൺ ഉൽപന്നങ്ങളാണ് വിപണിയിൽ വിറ്റഴിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ നാലു കോടി രൂപയാണ് വരുമാനം നേടിയത്. എന്നാൽ ഗോപി പ്രതിസന്ധിയും മറ്റു കാലാവസ്ഥ പ്രശ്നങ്ങളും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആറു മുതൽ ഏഴു കോടി വരെ സാമ്പത്തികലാഭം നേടിയെടുത്തതാണ് ഇത്തവണ ഇടിവ് ഉണ്ടായത്. ഓണത്തോടെ വിപണി വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ആണെന്നും എന്ന് പ്രസിഡന്റ് പറഞ്ഞു.

കൂവപ്പടി തോട്ടുവായിലുളള വിപണിയില്‍ വിവിധയിനം പച്ചക്കറികള്‍ക്ക് പുറമേ ആട്, കോഴി, താറാവ് തുടങ്ങി വളര്‍ത്തു ജീവികളും ഇവിടെ വില്‍പനക്കായി എത്താറുണ്ട്.

വിഷാംശമില്ലാത്ത ജൈവ പച്ചക്കറികള്‍ ജനങ്ങളിലേക്കെത്തിക്കുക, ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ സഹായത്തോടെയാണ് നാമമാത്ര അംഗങ്ങളുമായി 2000ല്‍ ഇവിടെ സ്വാശ്രയ കര്‍ഷക വിപണി തുടങ്ങുന്നത്.

ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് അത്താണിയാകുക എന്ന ലക്ഷ്യത്തോടെ ചെറിയ രീതിയില്‍ 2000 ല്‍ ആരംഭിച്ച വിപണി കൂവപ്പടി ബ്ലോക്കിന് കീഴിലെ കൂവപ്പടി, വേങ്ങൂര്‍, മുടക്കുഴ, ഒക്കല്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് അവരുടെ വില്‍പനങ്ങള്‍ വിറ്റഴിക്കാനും മാന്യമായ വില ലഭിക്കാനുമുളള ഇടത്താവളമായി ഇന്ന് വിപണി മാറിക്കഴിഞ്ഞു. എറണാകുളം കോട്ടയം തൃപ്പൂണിത്തുറ, മരട്, ആലുവ, പെരുമ്പാവൂര്‍,കോതമംഗലം പ്രദേശങ്ങളില്‍ നിന്ന് ഉള്ളവരാണ് വിപണി തേടി എത്തുന്നവരിൽ അധികവും. മലയാറ്റൂർ പാലം വന്നത് വിപണിക്ക് ഏറെ ഗുണമായി. ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ വിപണിയിലെത്താൻ സാധിക്കുന്നുണ്ട്.

വിപണിയുടെ കീഴില്‍ ഒരു വനിതാ യൂണിറ്റടക്കം 23 സ്വാശ്രയ കര്‍ഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ട് വര്‍ഷം 20000 രൂപയുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്വാശ്രയ കര്‍ഷക സംഘത്തിലെ കര്‍ഷകന് മൂന്നാം വര്‍ഷം മുതല്‍ വിപണിയില്‍ അംഗത്വം ലഭിക്കും. ഇത്തരത്തില്‍ 388 അംഗങ്ങളാണ് ഇപ്പോള്‍ സ്വാശ്രയ കര്‍ഷക വിപണിയിലുളളത്. കൂടാതെ അഞ്ഞൂറിലധികം കർഷകരാണ് വിപണിയിൽ അല്ലാതെയും സാധനങ്ങൾ എത്തിക്കുന്നത്. വിപണിയിൽ വിൽപ്പന നടത്തുന്ന ഉല്‍പന്നങ്ങളുടെ വില ഒരാഴ്ചക്കകം നല്‍കുന്നതാണ് വിപണിയിലെ പതിവ് രീതി. നിലവില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം ലാഭ വിഹിതവും നല്‍കുന്നുണ്ട്. നിലവിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കൊണ്ടാണ് വിപണി പ്രവർത്തിക്കുന്നത്.

വിപണിയെ തേടിയെത്തി ഈ വർഷത്തെ ജില്ലാ അവാർഡും

കോവിഡ് പ്രതിസന്ധികൾക്കിടയിലും ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ച വച്ച കൂവപ്പടി സ്വാശ്രയ കർഷകവിപണിയെ തേടിയെത്തി ഈ വർഷത്തെ ജില്ലാ അവാർഡും. കാഞ്ഞൂർ കർഷകസമിതി യിൽ വച്ച് നടന്ന അവാർഡ് ദാന പരിപാടിയിൽ വി എഫ് പി സി കെ പ്രൊജക്ട് മാനേജർ സാജൻ ആൻഡ്രൂസിൽ നിന്നും കൂവപ്പടി കർഷക വിപണി പ്രസിഡന്റ് പി വി സക്കരിയ, വി എഫ് പി സി കെ ഡെപ്യൂട്ടി മാനേജർ ഷൈനി കുര്യാക്കോസ്, മെമ്പർമാരായ ആന്റാേ പോൾ, കെ ജെ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മികച്ച പ്രവര്‍ത്തനത്തിലൂടെ തുടര്‍ച്ചയായി മൂന്ന് വർഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വിപണിയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ നിരവധി തവണ രണ്ടും മൂന്നും സ്ഥാനങ്ങളും വിപണി കരസ്ഥമാക്കിയിട്ടുണ്ട്.