എറണാകുളും : കോവിഡ് പ്രതിസന്ധിക്കിടെ ഇത്തവണയും ഓണം ആഘോഷിക്കുമ്പോൾ സിവിൽ സപ്ലൈസിന്റെ ഓണം ഫെയറിൽ ന്യായവിലയിൽ ഗുണനമേന്മയുള്ള അവശ്യസാധനങ്ങളാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് . കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസം നൽകും . ഇത് താഴെത്തട്ടിലുള്ള കമ്പോളം ചലനാത്മകമാക്കുകയും സമ്പദ് ഘടന മുന്നോട്ട് പോകുന്നതിന് വഴി തെളിക്കുകയും ചെയ്യും. ഏലക്കയും കശുവണ്ടിയും കിറ്റിൽ ഉൾപ്പെടുത്തിയത് വഴി ഈ മേഖലയിൽ കർഷകർക്ക് പുത്തനുണർവ് നൽകി എന്നും സപ്ലൈകോ ജില്ലാ ഓണം ഫെയർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.

മറൈൻ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാതല ഫെയറിനോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും ഫെയറുകൾ നടക്കും. പൊതുവിപണിയിലെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഫെയറുകൾ സംഘടിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്
ഫെയർ നടക്കുന്നത്. ഇവിടെ നിന്നും വാങ്ങുന്ന ബ്രാൻഡഡ് ഉല്പന്നങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ചെറുപയർ ഒരു കി.ഗ്രാം – 74 രൂപ, ഉഴുന്നുപരിപ്പ് ഒരു കി.ഗ്രാം – 66 രൂപ, തുവര പരിപ്പ് ഒരു കി.ഗ്രാം – 65 രൂപ, കടല ഒരു കി.ഗ്രാം – 43 രൂപ, വൻപയർ ഒരു കി.ഗ്രാം – 45 രൂപ, മുളക് 500 ഗ്രാം – 37.50 , മല്ലി 500 ഗ്രാം 39.50, പഞ്ചസാര ഒരു കി.ഗ്രാം – 22 രൂപ, മട്ട അരി ഒരു കി.ഗ്രാം – 24 രൂപ, ജയ അരി ഒരു.കി.ഗ്രാം 25 രൂപ, പച്ച അരി ഒരുകി.ഗ്രാം – 23, ശബരി സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്റർ – 46 രൂപ തുടങ്ങിയവയാണ് സപ്ലൈകോയിൽ നിന്നും സബ്സിഡിയിനത്തിൽ ലഭിക്കുന്ന അവശ്യസാധനങ്ങൾ.

കുടുംബശ്രീ സംരംഭക യൂണിറ്റുകളുടെ വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, ഫ്ലോർ മാറ്റ്, സ്ക്വാഷ് , അച്ചാറുകൾ, ഇരുമ്പു കൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഫെയറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹോർട്ടി കോർപ്പിന്റെ പച്ചക്കറി സ്റ്റാളും ഫെയറിൽ സജ്ജീച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കൗൺസിലർ മനു ജേക്കബിന് ആദ്യ വിൽപന നടത്തി. ഓണം ഫെയർ ഓഗസ്റ്റ് 20 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ ടി.പി. സലീം കുമാർ, സപ്ലൈകോ മേഖലാ മാനേജർ എൽ. മിനി , ജില്ലാ സപ്ലൈ ഓഫീസർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത സപ്ലൈകോ ഓണം ഫെയർ സന്ദർശിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്