തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയില്‍ കൃഷിവകുപ്പ് 107 ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഇവിടെ പച്ചക്കറികള്‍ ലഭിക്കും.
പഞ്ചായത്ത് തലത്തില്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ഉത്പന്നങ്ങളാണു ചന്തയില്‍ വില്‍ക്കുക. പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണു കര്‍ഷകരില്‍നിന്ന് കൃഷിവകുപ്പ് ഓണച്ചന്തയിലേക്കുള്ള പച്ചക്കറികള്‍ സംഭരിക്കുന്നത്. ഇവ വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വില്‍ക്കും. ഗാപ് സര്‍ട്ടിഫൈഡ് പച്ചക്കറികള്‍ (ഉത്തമ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ചവ) 20 ശതമാനം അധികം വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണിയില്‍ 10 ശതമാനം വില താഴ്ത്തി വില്‍ക്കുകയും ചെയ്യും.
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭകരമായ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഓണച്ചന്തകള്‍ തുറക്കുകയെന്നു പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഇന്‍-ചാര്‍ജ് ബൈജു എസ്. സൈമണ്‍ പറഞ്ഞു. പ്രാദേശികമായി കൃഷി ചെയ്യാത്ത സവാള, ഉരുളക്കിഴങ്ങ് പോലുള്ള ശീതകാല പച്ചക്കറികള്‍ കാന്തല്ലൂര്‍, വട്ടവട തുടങ്ങിയ കേരളത്തിലെ മലയോര മേഖലകളില്‍ നിന്ന് ലഭ്യമാക്കാന്‍ ശ്രമിക്കും. കിട്ടിയില്ലെങ്കില്‍ മാത്രം അന്യസംസ്ഥാനങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.