ഓണത്തെ വരവേല്‍ക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ഓണക്കലവറ ഒരുങ്ങി. ഓണ സദ്യയെ വിഭവസമൃദ്ധവും സ്വാദിഷ്ടവുമാക്കാന്‍ കുടുംബിനി സ്‌പെഷ്യല്‍ ഓണക്കിറ്റും ഒരുങ്ങി. ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ ഒരുക്കിയ ജില്ലാതല ഓണച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ആദ്യ വില്‍പന നടത്തി. ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി രാഘവന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി ഗിരീശന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ സജീന്ദ്രന്‍ പുതിയ പുരയില്‍,കെ ശ്രീധരൻ, ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണ്‍ സി.ടി ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, സ്വാഗതവും ചെറുവത്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.വി റീന നന്ദിയും പറഞ്ഞു.

ചെറുവത്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേര്‍ന്ന കുടുംബശ്രീ ബസാറിലാണ് ജില്ലാതല ഓണക്കലവറ ഒരുക്കിയത്. ആഗസറ്റ് 20 വരെയാണ് ജില്ലാതല ഓണചന്ത പ്രവർത്തിക്കുത. കോവിഡ് ചട്ടം പാലിച്ച് നടക്കുന്ന ചന്തയില്‍ പ്രവേശിക്കുന്നവരെ തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കും. ഓണചന്തയോട് ചേര്‍ന്ന് ഒരുക്കുന്ന വേദിയില്‍ ചന്തയിലെത്തുന്നവര്‍ക്ക് പാട്ടു പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും അവസരമുണ്ട്.

ജില്ലയിലെ മുന്നൂറില്‍പ്പരം കുടുംബശ്രീ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ലൈവ് കിച്ചണ്‍, അഞ്ചില്‍ അധികം പായസങ്ങള്‍ ഉള്‍പ്പെടുത്തിയ പായസം മേള, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ’കുടുംബിനി’ ഓണക്കിറ്റ് എന്നിവ മുഖ്യ ആകര്‍ഷണങ്ങളാണ്.

ജില്ലയിലെ 6000ല്‍പരം സംഘ കൃഷിക്കൂട്ടങ്ങള്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാകും. ജില്ലയിലാകെ നടക്കുന്ന 43 കുടുംബശ്രീ വിപണന കേന്ദ്രങ്ങളില്‍ 800ഓളം കുടുംബശ്രീ സംരംഭകര്‍ പങ്കാളികളാകും. ഈ ഓണക്കാലത്ത് 50 ലക്ഷം രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ജില്ലാമിഷന്‍ ലക്ഷ്യമിടുന്നത്.