കോലഞ്ചേരി : പ്രവർത്തനസജ്ജമായി കോലഞ്ചേരി മിനി സിവിൽ സ്റ്റേഷൻ. ഇതിന്റെ ഭാഗമായി കോലഞ്ചേരി അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 17 ന് നടക്കും. കൂടാതെ കോലഞ്ചേരി സബ്ട്രഷറി, അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, മണ്ണ് പരിവേഷണ വകുപ്പ് എന്നിവ ഈ മാസം അവസാനത്തോടെ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തിക്കും.
കഴിഞ്ഞ രണ്ടര വർഷത്തിലധികമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കെട്ടിടത്തിലാണ് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസ് പ്രവർത്തിച്ചിരുന്നത്. അതിനുമുമ്പ് കോലഞ്ചേരിയിലും പുത്തൻകുരിശ് സ്കൂൾ വക കെട്ടിടത്തിലും ഓഫീസ് പ്രവർത്തിച്ചു. ഇത്തരം അസൗകര്യങ്ങളെ തുടർന്നാണ് കൂടുതൽ സൗകര്യ പ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യമുയർന്നത്.

1976 മുതൽ ടൗണിലെ വാടക കെട്ടിടത്തിലാണ് കോലഞ്ചേരി സബ്ട്രഷറി പ്രവർത്തിക്കുന്നത്. നിലവിൽ ട്രഷറി പ്രവർത്തനങ്ങൾക്കായുള്ള ഇൻറീരിയർ വർക്കുകൾ പുരോഗമിക്കുകയാണ്. മിനി സിവിൽ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ളോറിലാണ് ട്രഷറി പ്രവർത്തിക്കുക.

1987 മുതൽ പൂതൃക്ക കൃഷിഭവനാേട് ചേർന്ന കെട്ടിടത്തിലാണ് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസ് പ്രവർത്തിക്കുന്നത്. സ്റ്റാഫിന്റെ എണ്ണം അനുസരിച്ച് കെട്ടിടത്തിൽ പ്രവർത്തിക്കാൻ പരിമിതികളുണ്ടായിരുന്നു. നിലവിൽ ഇൻറീരിയർ വർക്കിനുള്ള എസ്റ്റിമേറ്റ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് ശരിയായാൽ ഉടൻ മിനി സിവിൽ സ്റ്റേഷനിലേക്ക് ഓഫീസ് മാറ്റി പ്രവർത്തനം ആരംഭിക്കുമെന്നും അസിസ്റ്റന്റ് ഡയറക്ടർ അഗ്രികൾച്ചർ മിനി എം പിള്ള പറഞ്ഞു.

വർഷങ്ങളായി കോലഞ്ചേരിയിലെ വാടകക്കെട്ടിടത്തിലാണ് മണ്ണ് പരിവേഷണ വകുപ്പ് പ്രവർത്തിക്കുന്നത്. ഡയറക്ടറേറ്റിൽ നിന്നും അംഗീകാരം ലഭിക്കുന്നതോടെ ഓഫീസ് പൂർണമായും മിനി സിവിൽസ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും.

കഴിഞ്ഞ ഫെബ്രുവരിയിൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഓഫീസുകൾ ഒന്നും മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നില്ല. ഇതിനെ തുടർന്ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ വിവിധ വകുപ്പ് മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.

ഇതിന്റെ ഭാഗമായി എംഎൽഎയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ അശോകൻ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ ഇൻചാർജ് സൂപ്രണ്ട് മെറീന ജോസഫ്, ജൂനിയർ സൂപ്രണ്ട് നോബി കെ, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി അനിയൻ പി ജോൺ, ട്രഷറി ഡയറക്ടേറ്റിലെ സൂപ്രണ്ട് എം.എസ്.അജയകുമാർ, അസി.ജില്ലാ ട്രഷറി ഓഫീസർ നിസാർ ബാബു, സബ് ട്രഷറി ഓഫീസർ ബിബി മേരി മാത്യു, സീനിയർ അക്കൗണ്ടന്റ് പി.എൻ.വിജയകുമാർ, പൂതൃക്ക അസിസ്റ്റന്റ് ഡയറക്ടർ അഗ്രികൾച്ചർ മിനി എം പിള്ള, ക്ലാർക്ക് നിജ ഇ.എസ്, ആത്മ സ്റ്റാഫ് ബിബിൻ, മണ്ണ് പരിവേഷണ വകുപ്പ് ഓഫീസർ സ്മിത എം എസ്, ക്ലാർക്ക് അനീഷ് ഡി എം എന്നിവരടങ്ങുന്ന സംഘം മിനി സിവിൽ സ്റ്റേഷനിലെ നിർദ്ദിഷ്ട ഓഫീസുകൾ സന്ദർശിച്ചു.