ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷം ആഗസ്റ്റ് 17ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അറിയിച്ചു. 1996 ചിങ്ങം ഒന്നിന് ആരംഭിച്ച ജനകീയാസൂത്രണ പ്രക്രിയയുടെ 25-ാം വാര്‍ഷികം ഒരു വര്‍ഷം നീളുന്ന വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിക്കുന്നതിനാണ് സംഘാടകസമിതി രൂപീകരിച്ചിട്ടുള്ളത്. വാര്‍ഷികദിനമായ ആഗസ്റ്റ് 17 ന് ഉച്ചകഴിഞ്ഞ് 2.30 ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍മാരെയും ആദരിക്കും. ചടങ്ങില്‍ ആസൂത്രണസമിതി ഉപാദ്ധ്യക്ഷനും മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കാഞ്ചിയാര്‍രാജന്‍ കട്ടപ്പനബ്ലോക്ക് പഞ്ചായത്ത്- ജനകീയാസൂത്രണത്തിന്റെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്‍ട്ട് കൂടി ഉള്‍പ്പെടുത്തി നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ബഹുമുഖ വികസനരേഖകൂടി പ്രസിദ്ധപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രജതജൂബിലി സ്മരണാര്‍ത്ഥം സുസ്ഥിരമായ മാതൃകാപദ്ധതി നടപ്പാക്കുമെന്നും ബ്ലോക് പ്രസിഡന്റ് അറിയിച്ചു. പരിപാടികളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സണ്‍ അറിയിച്ചു.
