നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ ഒരു വ്യാവസായിക സംസ്‌കാരത്തിന് പങ്കാളിയാകുവാനും നാടിന്റെ നന്മയ്ക്കായും യുവതലമുറ മുന്നോട്ട് വരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75- മത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഭാരതത്തിനായി പ്രയത്നിക്കുകയും ജീവന്‍ബലി നല്‍കുകയും ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവന്‍ ബലിനല്‍കിയ വിവിധ സേനാ അംഗങ്ങളെയും ആദരവോടെ സ്മരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, റോബോട്ടിക്സ്, മെഷ്യന്‍ ലേണിംഗ്, ത്രീ ഡി പ്രിന്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലും എത്തികഴിഞ്ഞു. ഇതിനനുസൃതമായി നമ്മുടെ യുവാക്കളും ഇത്തരം വിദ്യകള്‍ സ്വായത്തമാക്കുവാന്‍ പരിശ്രമിക്കണം. സ്റ്റാര്‍ട്ട് അപ്പ്കൾക്ക് പ്രോത്സാഹനങ്ങളും സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട് .അവ പ്രയോജനപ്പെടുത്തി യുവജനത മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുന്നോട്ടുള്ള വികസന പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണവും സുസ്ഥിര വികസനവുമെന്ന കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ദ്രം, ലൈഫ്, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകള്‍ മുഖേന സംസ്ഥാനത്തിന്റെ മുഖഛായതന്നെ മാറി. ആഭ്യന്തര ആവശ്യത്തിനുള്ള വൈദ്യുതിയുടെ 70 ശതമാനത്തോളം വൈദ്യുതിയും പുറത്തു നിന്ന് വാങ്ങി വിതരണം ചെയ്യുന്നതുമൂലം ഉണ്ടാവുന്ന ചെലവുകള്‍ കുറക്കുന്നതിന് ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുകയാണ് മാര്‍ഗം. നിര്‍മ്മാണം പുരോഗമിക്കുന്നതും തുടങ്ങുവാന്‍ പോകുന്നതുമായ എല്ലാ ജലവൈദ്യുതി പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സോളാര്‍ ജനറേഷന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരള ഹരിത ഊര്‍ജ്ജ മിഷന്‍ പദ്ധതിക്കായി കെ.എസ്.ഇ.ബി.എല്‍, ഇ.എം.സി, അനെര്‍ട്ട് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. അഞ്ചുവര്‍ഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കേരളത്തിലെ വൈദ്യുതി മേഖലയെ മികച്ച നിലവാരത്തിലേക്ക് എത്തിക്കാന്‍ ഇതിനോടകം സാധിച്ചതായും സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ പ്രസരണ-വിതരണ നഷ്ടം കുറച്ച്, നൂറ് ശതമാനം ഫാള്‍ട്ടിഫ്രീ മീറ്ററുകള്‍ സ്ഥാപിച്ചും, ട്രാന്‍സ് ഗ്രിഡ്, ദ്യുതി മുതലായ ദീര്‍ഘകാല പദ്ധതികള്‍ ഏറ്റെടുത്ത് സംസ്ഥാനത്തെ വൈദ്യുതി മേഖലയെ മികച്ച നിലവാരത്തിലേക്ക് എത്തിക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

സൈന്യം കഴിഞ്ഞാല്‍ രാജ്യത്തിന്റെ ശക്തി കര്‍ഷകരാണ്. രാജ്യത്തിന്റെ 70 ശതമാനവും ഗ്രാമങ്ങളാണ്. അവരുടെ പ്രധാന ഉപജീവന മാര്‍ഗവും കാര്‍ഷികവൃത്തിയാണ്. കോവിഡ് മഹാമാരി കാലത്തും ഭക്ഷ്യ ക്ഷാമം ഉണ്ടാകാതെ സംരക്ഷിച്ചത് കര്‍ഷകരും കര്‍ഷക തൊഴിലാളി സഹോദരങ്ങളുമാണ്. കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ലാഭത്തിന്റെ ഒരു ശതമാനമെങ്കിലും കര്‍ഷകര്‍ക്ക് അവരുടെ അവകാശ ലാഭമായി നല്കുവാന്‍ സാധിക്കണം. കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിച്ചുവരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, മാധ്യമപ്രവര്‍ത്തകര്‍ ,ഫയര്‍ ഫോഴ്‌സ് ,ഫോറസ്റ്റ്, എക്സൈസ്, എന്‍.സി.സി, സ്‌കൗട്ട് ,ഗൈഡ്‌സ് ,സ്റ്റുഡന്റസ് പോലീസ് കേഡറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളാണ്. പ്രളയ പ്രതിരോധത്തിനായി ഡാമുകള്‍ അത്യന്താപേക്ഷിതമാണ്. ഇതിനായി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെടണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, പരിസ്ഥിതി സംരക്ഷകരുടെയും പിന്തുണയും സഹകരണവും അത്യാവശ്യമാണ്.
ഭരണഘടനയില്‍ ഉദ്ഘോഷിക്കുന്ന പരമാധികാര,സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം ഓരോരുത്തര്‍ക്കുമുണ്ട്. അതിനായി ഏവരും കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, നഗരസഭാ വൈസ്ചെയര്‍മാന്‍ ഇ.കൃഷ്ണദാസ്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം കെ.മണികണഠന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരേഡിന് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് എ. ആദം ഖാന്‍ നേതൃത്വം നല്‍കി. പരേഡില്‍ ജില്ലാ ആര്‍മ്ഡ് റിസര്‍വ്, കെ.എ.പി സെക്കന്റ് ബറ്റാലിയന്‍, വനിതാ വിഭാഗം ലോക്കല്‍ പോലീസ്, പാലക്കാട് ലോക്കല്‍ പോലീസ്, കെ.എ.പി സെക്കന്റ് ബറ്റാലിയന്‍(ബാന്‍ഡ്) എന്നീ അഞ്ച് പ്ലറ്റൂണുകള്‍ അണിനിരന്നു.