ജില്ലയില്‍ സംയോജിത പദ്ധതി രൂപീകരണത്തില്‍ പൊതുകാഴ്ചപ്പാട് രൂപീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നൂറു ശതമാനം പദ്ധതി തുകയും ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍ബാക്കി തുക ലഭ്യമാക്കാന്‍ സര്‍ക്കാറിനെ സമീപിക്കാനും തീരുമാനമായി. അഡ്ഹോക്ക് ഡി.പി.സികളുടെ 11 യോഗ തീരുമാനങ്ങള്‍ അംഗീകരിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ പദ്ധതി പുരോഗതിയും ജനകീയാസൂത്രണ രജതജൂബിലി ആഘോഷ മുന്നൊരുക്കവും വിലയിരുത്തി. ജില്ലാതല അവലോകനം നടത്താന്‍ ഡി.പി.ആറെ ചുമതലപ്പെടുത്തി. ജില്ലയുടെ വികസന പദ്ധതികള്‍ മികവുറ്റതാക്കാന്‍ വിദഗ്ധരുടെയും അനുഭവ സമ്പത്തുള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണെന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ഇ.എന്‍ മോഹന്‍ദാസ് യോഗത്തില്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കാരാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, എ.ഡി.സി ജനറല്‍ ബൈജു, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആസൂത്രണ സമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.