സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധന ക്യാമ്പിന് തുടക്കമായി. ഓണത്തിനോടനുബന്ധിച്ച് വിപണിയില്‍ പാലിന്റെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്തതും ഗുണനിലവാരം കുറഞ്ഞതുമായ പാല്‍ വില്‍ക്കാന്‍ സാധ്യതയുള്ളത് കണ്ടെത്തി പരിഹാരം കാണുന്നതിനാണ് ക്ഷീരവികസന വകുപ്പ്പാല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റില്‍ ഓഗസ്റ്റ് 20 വരെ പാല്‍ പരിശോധന ക്യാമ്പ് നടക്കും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് എന്നതിലുപരി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൂടിയായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍, ക്ഷീര കര്‍ഷകര്‍, സംഘം പ്രതിനിധികള്‍, പാല്‍ കച്ചവടം നടത്തുന്നവര്‍ എന്നീ പാലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള ഏതു പാലും ക്ഷീര വികസന വകുപ്പില്‍ പരിശോധിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് പരിശോധന.
പരിശോധനയില്‍ പ്രധാനമായും മാര്‍ക്കറ്റില്‍ വില്‍ക്കുന്ന പാലില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്തും. പാലില്‍ ചേര്‍ക്കുന്ന മായം, പാല്‍ കേടാകാതിരിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, പാലിന്റെ അസിഡിറ്റി ഇല്ലാതാക്കാന്‍ ഉപയോഗിക്കുന്ന ന്യൂട്രലൈസര്‍ എന്നിവ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകളാണ് നടത്തി വരുന്നത്. പരിശോധന നടത്തി അതിന്റെ റിസള്‍ട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉപഭോക്താക്കള്‍ക്ക് പാലുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കുള്ള പരിഹാരവും ഇവിടെ നിന്നും ലഭിക്കും. വിപണിയില്‍ വില്‍ക്കപ്പെടുന്ന കൃത്രിമ പാലുകളും ഇവിടെ പരിശോധിക്കാം. എല്ലാ പരിശോധനകള്‍ക്കുള്ള സൗകര്യങ്ങളും ലാബില്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള മായങ്ങളോ രാസവസ്തുക്കളോ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിക്കുകയും തുടര്‍ന്നുള്ള നടപടികള്‍ ഭക്ഷ്യഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുമെന്നും ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ.സജിനി അറിയിച്ചു.
ക്ഷീരവികസന വകുപ്പ് പാലിന്റെ ഗുണനിലവാര വര്‍ധനവ് വര്‍ഷമായാണ് ഈ വര്‍ഷം ആചരിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്ക് ജൂണ്‍ ഒന്ന് ലോക ക്ഷീരദിനത്തിലാണ് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി അടുത്ത ക്ഷീരദിനത്തില്‍ സംസ്ഥാനത്ത് സംഭരിച്ച് വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം 3.9 ശതമാനം കൊഴുപ്പും 8.4 ശതമാനം കൊഴുപ്പേതര ഘടകങ്ങളും 215 മിനിറ്റില്‍ കുറയാത്ത അനുഗുണ നിലവാരം ഉറപ്പ് വരുത്തും. ഇതുമായി ബന്ധപ്പെട്ട് വിവിധതരം കര്‍മ്മ പരിപാടികളാണ് ക്ഷീരവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. പരിപാടിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഒ.സജിനി, ക്ഷീര വികസന ഓഫീസര്‍ റീബ തങ്കച്ചന്‍, ഡയറി ഫാം ഇന്‍സ്പെക്ടര്‍ ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു