കോട്ടയം: കഴിഞ്ഞ മൂന്നു മാസക്കാലം ജില്ലയില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 8443 കുട്ടികള്‍ക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കിയത്.

പുസ്തകങ്ങള്‍ക്കും പഠന സാമഗ്രികള്‍ക്കുമുള്ള ധനസഹായത്തിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇന്‍റര്‍നെറ്റ് ചാര്‍ജ് ഉള്‍പ്പെടെയാണ് നല്‍കുന്നത്. വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നിലായ 20 പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറികള്‍ നിര്‍മിച്ചു നല്‍കി. ഇതിന് 26. 20 ലക്ഷം രൂപയാണ് ചെലവിട്ടത്.

ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു പട്ടികജാതി കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് സ്ഥലം വീതം അനുവദിച്ചു. 22.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതോടൊപ്പം വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച 44 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. 1.14 കോടി രൂപയുടെ പദ്ധതിയാണിത്. വിദേശ തൊഴില്‍ ധനസഹായം, ചികിത്സാ ധനസഹായം തുടങ്ങിയവയ്ക്കായി 19.98 ലക്ഷം രൂപ അനുവദിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായമായി 1.15 കോടി രൂപ വിതരണം ചെയ്തു. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 154 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം നല്‍കിയത്. മിശ്രവിവാഹിതരായ എട്ട് ദമ്പതികള്‍ക്കായി ആറ് ലക്ഷം രൂപ നല്‍കി. മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായമെന്ന നിലയിലാണ് തുക നല്‍കുന്നത്.