ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനം
വികസനം താഴേത്തട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന പുതിയൊരു വികസന പരിവേഷമാണ് ജനകീയാസൂത്രണത്തിലൂടെ കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ വികസനപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസനത്തിന്റെ അലകും പിടിയും മാറ്റികൊണ്ട് പുതിയ രീതിയിലുള്ള ഒരു വികസന പ്രക്രിയ കേരളത്തില്‍ ആരംഭിച്ചത്. വികസനം, പ്രാദേശികമായി ജനങ്ങളുടെ അനിവാര്യമായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാവണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന വേരുകള്‍ ആരംഭിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ യോഗം ചേര്‍ന്ന് പ്രാദേശിക വികസനങ്ങള്‍ ചര്‍ച്ച ചെയ്ത് അവ ക്രോഡീകരിച്ച് തീരുമാനിക്കുന്ന ഒരു ശൈലി നാം ആവിഷ്‌കരിച്ചിരിക്കുകയാണ്. നേരത്തെ ഇതിന് വിപരീതമായ സമ്പ്രദായമായിരുന്നു നമ്മുടെ നാട്ടിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. 25 വര്‍ഷത്തെ വികസനറിപ്പോര്‍ട്ട് അവതരിപ്പിച്ചതോടൊപ്പം മുന്‍ ജനപ്രതിനിധികള്‍, മുന്‍ ഉദ്യോഗസ്ഥര്‍, ജനകീയാസൂത്രണ പ്രവര്‍ത്തകര്‍ എന്നിവരോടുള്ള ജില്ലാ പഞ്ചായത്തിന്റെ ആദരവും പ്രസിഡണ്ട് ചടങ്ങില്‍ പ്രത്യേകമായി പ്രകടിപ്പിച്ചു. ഇവര്‍ക്കുള്ള രജത ജൂബിലി മെമന്റോ, ബഹുമതിപത്രം എന്നിവ പിന്നീട് നേരിട്ട് എത്തിച്ചു നല്‍കുമെന്നും അറിയിച്ചു.
അന്തരിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് പ്രസിഡന്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒരു വര്‍ഷത്തെ സില്‍വര്‍ ജൂബിലി പരിപാടികളുടെയും പദ്ധതികളുടെയും പ്രഖ്യാപനം പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ വി റീന നടത്തി. ആഘോഷത്തിന്റെ ഭാഗമായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ യോഗത്തില്‍ ആദരിച്ചു. ചടങ്ങില്‍ എത്താതിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കാഞ്ഞിക്കാവ് കുഞ്ഞികൃഷണന്‍, പി മോഹനന്‍ മാസ്റ്റര്‍, എം കെ നളിനി, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, എന്നിവരെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു പറശേരി സംസാരിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ, മുന്‍ പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, ബാബു പറശ്ശേരി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സമ്മാനിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ പ്രൊഫ. കെ ശ്രീധരനെയും യോഗത്തില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം വിമല, പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ഐ.പി രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, അഡ്വ. പി ഗവാസ്, നിഷ പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ സ്വാഗതവും സെക്രട്ടറി ടി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ‘നാളെയിലേക്കൊരു കൂടൊരുക്കാ’മെന്ന ഉഷാ ചന്ദ്രബാബു അവതരിപ്പിച്ച നാടകവും അരങ്ങേറി.
പരിപാടിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ പ്രവര്‍ത്തകരുടെ വാദ്യമേളത്തോടെ നടത്തിയ വിളംബര ജാഥ ശ്രദ്ധേയമായി. വിളംബര ജാഥ പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ കവിത, പ്ലാനിംഗ് ഓഫീസര്‍ മായ എന്നിവര്‍ സംസാരിച്ചു.