ജനകീയാസൂത്രണം ജനകീയജനാധിപത്യ വിപ്ലവത്തിന് കരുത്ത് പകരുകയും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുകയും ചെയ്തതായി ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങളിലേക്ക് എന്ന മഹത്തായ ആശയം നാടിന്റെ പ്രാദേശിക വികസനത്തില്‍ പുതിയ കാഴ്ചപാട് സൃഷ്ടിച്ചു. നവകേരള സൃഷ്ടിക്ക് ഇടമൊരുക്കാനും പ്രസ്ഥാനത്തിന് കഴിഞ്ഞു – അദ്ദേഹം വ്യക്തമാക്കി.
പുതുതായി നിര്‍മ്മിച്ച ജനകീയാസൂത്രണ രജതജൂബിലി പ്രവേശനകവാടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എസ്. ശശികുമാര്‍, റോസമ്മ ഇടിക്കുള എന്നിവരെ ആദരിച്ചു. ചടങ്ങില്‍ എഴുകോണ്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
സെക്രട്ടറി എസ്. അജയ് രാജ് 25 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം. ലീലാമ്മ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. അഭിലാഷ്, അംഗങ്ങളായ കെ. മിനി, കെ.ഐ. ലതീഷ്, ദിവ്യ സജിത്ത്, ഗീതാ ജോര്‍ജ്ജ്, ജി.തോമസ്, മിനി അനില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. ശശികുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.