കൊല്ലം: ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനമാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍. രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രജതജൂബിലി സ്മാരകമായി ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നിര്‍മ്മിച്ച ഒ.എന്‍.വി സ്‌ക്വയര്‍ നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തുള്ള കമ്മാന്‍കുളം നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്‍കാല സാരഥികളെ അനുമോദിച്ചു. ജനകീയ ആസൂത്രണ രംഗത്ത് മാതൃക സേവനം കാഴ്ചവെച്ച എം. വിശ്വനാഥന്‍, എസ്. ജമാല്‍ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍. എസ്. പ്രസന്നകുമാര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, വസന്ത രമേശ്, അംഗങ്ങളായ എസ്. ശെല്‍വി, ഗേളി ഷണ്മുഖന്‍, ഡോ. കെ. ഷാജി, എസ്. സോമന്‍, കെ. അനില്‍കുമാര്‍, ശ്രീജ ഹരീഷ്, ആശാ ദേവി, അംബിക കുമാരി, പ്രിജി ശശിധരന്‍, ശ്യാമളയമ്മ, സെക്രട്ടറി കെ. പ്രസാദ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.