മലപ്പുറം:കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജില്ലയില്‍ ബോധവത്ക്കരണ വാഹനം പര്യടനം തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ക്കാണ് തുടക്കമായത്. ജില്ലയിലെ പ്രധാന ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തുക. ഓണത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ ബ്ലോക്കുകളെയും കവര്‍ ചെയ്യുന്ന രീതിയിലാണ് വാഹനത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുളളത്. വാഹനത്തില്‍ ബോധവത്ക്കരണ അനൗണ്‌സ്‌മെന്റും സജ്ജമാക്കിയിട്ടുണ്ട്. ബോധവത്ക്കരണ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകള്‍ വാഹനത്തില്‍ ഒട്ടിച്ചിട്ടുണ്ട്.

ഓണാഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സുരക്ഷിതമായ ഓണാഘോഷം ലക്ഷ്യം വച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോഗ്യകേരളത്തിന് കീഴിലുണ്ടായിരുന്ന KL01.AA9756 വണ്ടിയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബോധവത്ക്കരണ വാഹനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ്് ചെയ്തു. ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, സബ്കല്കടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡി.പി.എം ഡോ. എ ഷിബുലാല്‍ എന്നിവര്‍ പങ്കെടുത്തു.