മലപ്പുറം: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം എം.പി അബ്ദുസമദാനി എം.പി നിര്‍വഹിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം രജത ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എം.പി പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ജില്ല കൈവരിച്ച മുന്നേറ്റത്തില്‍ ജില്ലാ പഞ്ചായത്തിന്റെ വിജയഭേരി പോലുള്ള പദ്ധതികള്‍ വലിയ കയ്യൊപ്പ് ചര്‍ത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസത്തിന് ഇനിയും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും എം.പി പറഞ്ഞു. ഒരുപാട് മികച്ച പദ്ധതികള്‍ പരീക്ഷിച്ച് വിജയിപ്പിച്ച നാടാണ് നമ്മുടെ ജില്ല. സംസ്ഥാനത്തിന് മാതൃകയായ പല വികസന പരീക്ഷണങ്ങള്‍ വരെ ജില്ല വിജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പലതിനും അംഗീകാരം ലഭിക്കാതെ പോയിട്ടുണ്ട്. അതെല്ലാം നേടിയെടുക്കാന്‍ നമുക്ക് ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജില്ല ഒരുപാട് പുരോഗതി ആര്‍ജിച്ചിട്ടുണ്ടെങ്കിലും വികസനങ്ങള്‍ അവസാനിക്കുന്നില്ലെന്നും നമ്മുടെ മുന്‍ഗാമികളെ അഭിവാദ്യം ചെയ്തു പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി.

പരിപാടിയില്‍ 1996 മുതലുള്ള എല്ലാ അധ്യക്ഷന്‍മാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരായ അഡ്വ. കെ.പി മറിയുമ്മ (1995-2000), അഡ്വ. എം. ഉമ്മര്‍ ( 2000-2005), അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ ( 2005-2010), സുഹ്‌റ മമ്പാട് (2010-15), എ.പി ഉണ്ണികൃഷ്ണന്‍( 2015-2020), മുന്‍ അംഗങ്ങളായ ഉമ്മര്‍ അറക്കല്‍ (1995-2020), സലീം കുരുവമ്പലം (1995-2020) തുടങ്ങിയവരെ എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി. ഉബൈദുള്ള എന്നിവര്‍ ചേര്‍ന്ന് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. അധ്യക്ഷന്‍മാരുടെ ഭരണകാല അനുഭവങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ 25 വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണവും പരിപാടിയില്‍ നടത്തി.

രജതജൂബിലി വേളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് ഉല്ലാസവും മാനസികാരോഗ്യവും ഉറപ്പുവരുത്താനായി വയോജന ക്ലബുകള്‍ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധമുണ്ടാക്കാന്‍ നിയമ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നേറ്റങ്ങള്‍ പ്രതിപാദിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. രജതജൂബിലിയുടെ ഭാഗമായി ഗ്രാമ/വാര്‍ഡ് സഭകള്‍ നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തൊഴില്‍ നല്‍കുന്ന കേന്ദ്രമായി മാറ്റുന്നതിനും ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് കാണുന്ന ജനകീയ മുഖവും തിളക്കവും സമ്മാനിച്ച സുപ്രധാന ഇടപെടലാണ് ജനകീയാസൂത്രണ പ്രസ്ഥാനം. അധികാര വികേന്ദ്രീകരണത്തിന് ജനാധിപത്യ സ്വഭാവം കൈവരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമൂഹത്തിലെ എല്ലാ തലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ആശ്വാസ കേന്ദ്രമായി മാറുന്നതിനും ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന ഹബീബ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.വി.മനാഫ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ.ഫാത്തിമ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഷാജി ജോസഫ് ചെറുകുന്നേല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുല്‍ റഷീദ്, മുന്‍കാല ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.