മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളില്‍ പരിശീലനം നേടി വന്നിരുന്ന കായിക താരങ്ങള്‍ക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ നിര്‍വഹിച്ചു. മില്‍മ, സപ്ലൈകോ എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. പരിപാടിയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.പി അനില്‍ അധ്യക്ഷനായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സി. സുരേഷ്, പി.പി. സജന്‍ദാസ്, പി. രാധാകൃഷ്ണന്‍, രതീഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരുകന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.