കോവിഡ് പരിശോധനയ്‌ക്കെത്തുന്ന വ്യക്തികളുടെ താമസ സ്ഥലത്തെ വാർഡ് നമ്പർ ഉൾപ്പടെയുള്ള ആവശ്യമായ വിവരങ്ങൾ സ്വകാര്യ ലാബുകൾ ശേഖരിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് കർശന നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള സ്വകാര്യ ലാബുകൾ ഇത്തരത്തിലുള്ള വിവരശേഖരണം നടത്താതിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഡിവിഷൻ / വാർഡ് നമ്പറുകൾ രേഖപ്പെടുത്താത്ത ഡേറ്റ ലഭിക്കുമ്പോൾ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കുന്നത് പോലുള്ള തുടർ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ തീരുമാനം.

18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൂടുതലായി വാക്സിൻ നൽകാനുള്ള പഞ്ചായത്തുകൾക്ക് കൂടുതൽ വാക്സിൻ നൽകി വാക്സിനേഷൻ ഊർജിതമാക്കും. സ്വകാര്യ മേഖലയ്ക്കും കൂടുതൽ വാക്സിൻ ലഭ്യമാക്കും. വാക്സിനെടുക്കാനുള്ള സിറിഞ്ചു കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ സിറിഞ്ചുകളെത്തിക്കും. വാക്സിനേഷനിൽ നിലവിലുള്ള വേഗത നിലനിർത്തണം പ്രതിദിനം 45,000 പേർക്ക് വാക്സിൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഓണത്തോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ പോലീസിന് നിർദേശം നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയും ശക്തമാക്കും. ഷോപ്പിംഗിനു പോകുന്നവരും കടയുടമകളും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ജില്ലയിൽ നിലവിലെ കോവിഡ് ചികിത്സാ സൗകര്യങ്ങൾ രോഗവ്യാപനം തടയുന്നതിന് പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി.

ഡൊമിസിലിയറി കെയർ സെൻ്ററുകൾ നടത്തുന്ന പഞ്ചായത്തുകൾക്ക് ഡേറ്റ എൻട്രി നടത്തുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ നിയോഗിക്കാവുന്നതാണ്. ഇതിനുള്ള അധികാരം പഞ്ചായത്തുകൾക്ക് ദുരന്ത നിവാരണ അതോറിറ്റി നൽകുന്നതായിരിക്കും.

എറണാകുളം നഗരത്തിൽ പല സ്ഥലങ്ങളിലും കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരേ നടപടിയുണ്ടാകും.

മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളും കണ്ടെയ്ൻമെൻ്റ് സോണുകളും പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും എല്ലാ ദിവസവും ഐആർഎസ് മീറ്റിംഗ് ചേരണമെന്ന് കളക്ടർ നിർദേശിച്ചു. മെഡിക്കൽ ഓഫീസർമാരും പോലീസും തദ്ദേശ സ്ഥാപന പ്രതിനിധികളും വില്ലേജ് ഓഫീസറും ഇതിൽ പങ്കെടുക്കണം .