തിരുവനന്തപുരം: ഓണക്കോടിയുടെ വിപുലമായ ശേഖരവുമായി വ്യവസായ വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കുന്ന കൈത്തറി വിപണന മേള ശ്രദ്ധേയമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങൾ മേളയിലുണ്ട്.
ബോർഡർ മുണ്ടുകൾ, കസവു മുണ്ടുകൾ, ബോർഡർ കസവു മുണ്ടുകൾ, പുളിയിലക്കര മുണ്ടുകൾ, ഒറ്റ മുണ്ടുകൾ, കസവു സാരികൾ, കളർ സാരികൾ, കസവ് കളർ സാരികൾ, ജക്കാർഡ് ഡിസൈൻ സാരികൾ, സെറ്റ് മുണ്ടുകൾ തുടങ്ങിയവ ഇവിടെ ലഭിക്കും. ശുദ്ധമായ കൈത്തറിയിൽ തയാറാക്കിയ വസ്ത്രങ്ങൾക്ക് ഓണം പ്രമാണിച്ച് 20 ശതമാനം ഗവൺമെന്റ് റിബേറ്റും ലഭിക്കും.
ഓണക്കോടിക്കു പുറമേ ടർക്കി ടൗവൽ, ബെഡ് ഷീറ്റുകൾ, വിവിധ തരം തോർത്തുകൾ, ചവിട്ടികൾ,  കൈലികൾ, ഷർട്ടിംഗുകൾ, സ്യൂട്ടിംഗുകൾ, വിവിധയിനം റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഫർണിഷിങ് ക്ലോത്തുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണു വിപണന മേള സംഘടിപ്പിച്ചിരിക്കുന്നതെന്നു ഹാൻടെക്‌സ് മാനേജിങ് ഡയറക്ടർ കെ.എസ്. അനിൽകുമാർ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി ആൻഡ് ടെക്‌സ്റ്റൈൽസ് ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മേള ഇന്നു (20 ഓഗസ്റ്റ്) സമാപിക്കും.