60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗം വയോജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഓണസമ്മാനമായി നൽകുന്ന1000 രൂപ അട്ടപ്പാടി മേഖലയിൽ 1409 പേർക്ക് വിതരണം ചെയ്തു. എല്ലാവർഷവും നൽകാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ ഓണസമ്മാനമായി 1000 രൂപ വീതം വിതരണം ചെയ്യുന്നത്.

ഐ.ടി.ഡി.പി യുടെ നേതൃത്വത്തിലാണ് വിതരണം. 3642 പേരാണ് അട്ടപ്പാടി മേഖലയിൽ അർഹരായിട്ടുള്ളത്. അതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയവർക്കാണ് ആദ്യഘട്ടത്തിൽ തുക നൽകിയത്. ബാക്കിയുള്ളവർക്കുള്ള വിതരണം തുടരുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 385 പേർക്ക് ഐ.ടി.ഡി.പി. ഉദ്യോഗസ്ഥർ ഊരുകളിൽ നേരിട്ടെത്തി വിതരണം ചെയ്യും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5.76 കോടി അനുവദിച്ചാണ് സംസ്ഥാനത്തെ പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് ഓണസമ്മാനം നൽകുന്നത്.

അഗളി മിനി സിവിൽ സ്റ്റേഷനിലുള്ള ഐ.ടി.ഡി.പി. ഹാളിൽ നടന്ന ഓണ സമ്മാന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ നിർവഹിച്ചു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അധ്യക്ഷയായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു