കോവിഡ് വ്യാപനതോത് വര്‍ധിച്ചെങ്കിലും ഏതു സാഹചര്യം നേരിടാനും ജില്ല സുസജ്ജമാണെന്നും എല്ലാവരും ജാഗ്രത തുടരണമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഇന്ന് അടിയന്തിരമായി ഹെല്‍ത്ത് കോര്‍കമ്മറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും ജില്ലയില്‍ അടുത്ത രണ്ടാഴ്ചക്കാലം വളരെ നിര്‍ണായകമായതിനാല്‍ എല്ലാവരും അതീവ ജാഗ്രത തുടരണം എന്നും കളക്ടര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ജില്ലയില്‍ മരണനിരക്ക് കുറവാണ്. ഓക്സിജന്റെ കാര്യത്തിലും ഐ.സി.യു കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ കാര്യത്തിലും ജില്ലയില്‍ ഒരു ക്ഷാമം ഇതേവരെ ഉണ്ടാകാതിരുന്നതിനും കാരണം കൂടുതല്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയതാണ്. 45 വയസിന് മേല്‍ പ്രായമുള്ള 93 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുത്തിട്ടുണ്ട് എങ്കിലും ആരും ജാഗ്രത കൈവെടിയരുത്. കൂട്ടം ചേരല്‍ ഒഴിവാക്കണം. പുറത്തിറങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. ഡബിള്‍ മാസ്‌കിംഗ് കര്‍ശനമാണ്.

ഓക്സിജന്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്ക എന്നിവയ്ക്കുള്ള ആവശ്യം ജില്ലയില്‍ ഇതേവരെ വര്‍ധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും രോഗവ്യാപനം കൂടും എന്ന അനുമാനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ ഐ.സി,യു കിടക്കകള്‍, ഒക്സിജന്‍ എന്നിവ കൂട്ടാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങിയാണ് മറ്റുള്ളവര്‍ക്ക് പകര്‍ത്തുന്നത്. അതിനാല്‍ പനി, ചുമ തുടങ്ങിയ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുത്. രോഗ പരിശോധന നടത്തണം. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം എന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്ക് വരുന്നില്ല എന്ന് ഓഫീസ് മേധാവികളും ഉറപ്പാക്കണം
വ്യാപര സ്ഥാപനങ്ങള്‍ ടെമ്പറേച്ചര്‍ നോക്കിയശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. വരും ദിവസങ്ങളിലെ രോഗവ്യാപന തോത് കൂടി പരിശോധിച്ച് ആവശ്യമായ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.