–  ജില്ലയിൽ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയായി; നിർവഹണത്തിനു വേഗമേറി
– മുഴുവൻ പദ്ധതികൾക്കും ആസൂത്രണസമിതി അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം, വെള്ളനാട് ആദ്യ ബ്ലോക്ക്
ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കുമെന്നും അർഹരെ ഉൾപ്പെടുത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ പ്രകാരം വീടുകൾ നൽകുന്നതിനായി ഗ്രാമസഭകൾ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകരിച്ച പട്ടികയിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാർ പരിശോധിച്ചു വരികയാണ്. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തും. നിർമിക്കുന്ന വീടുകളുടെ എണ്ണത്തിൽ മാറ്റംവരുത്തില്ല. നാലു ലക്ഷം രൂപയാണ് ഒരു വീടിനുള്ള സഹായം. 1.75 ലക്ഷം ഭൂമിയുള്ള ഭവനരഹിതർക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു നൽകാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങൾക്ക് വീടിന്റെ പൂർത്തീകരണത്തിനായി സന്നദ്ധസംഘടനകളുടെ സഹായം തേടാവുന്നതാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സേവനവും മുതൽക്കൂട്ടാമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 72 ഗ്രാമപഞ്ചായത്തും മൂന്നു നഗരസഭയും കോർപറേഷനും വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. 45 പഞ്ചായത്തും രണ്ടു നഗരസഭയും ഗുണഭോക്തൃപട്ടിക നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറിക്കഴിഞ്ഞു. 22 പഞ്ചായത്തുകൾ ഗുണഭോക്തൃ പട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്. ഗുണഭോക്തൃപട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഉടൻ ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പദ്ധതികൾ നടപ്പാക്കുമ്പോൾ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി നൽകാൻ ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണെന്നും ആദ്യ ബ്ലോക്ക് വെള്ളനാടാണെന്നും ആദ്യ പഞ്ചായത്തുകളെന്ന നേട്ടം ആർജ്ജിച്ചത് കാട്ടാക്കട, ചെമ്മരുതി പഞ്ചായത്തുകളാണെന്നും അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.