30ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്ക് യാത്രയയപ്പ് നല്‍കി സ്വന്തം കാര്യത്തെക്കാള്‍ നാടിനും ജനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആക്ഷേപങ്ങളില്‍ ഉത്കണ്ഠപ്പെടാതെ സാങ്കേതികത്വ തടസങ്ങള്‍ മറികടന്ന് നാടിനും ജനങ്ങള്‍ക്കുമായി ചടുലമായി കാര്യങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥനാണ് പോള്‍ ആന്റണി. അപകടകരമായ വഴിയാണത്. അത്തരം റിസ്‌ക് ഏറ്റെടുക്കാന്‍ അപൂര്‍വം ഉദ്യോഗസ്ഥരേ തയ്യാറാവൂ. പോള്‍ ആന്റണി ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. ഇത്തരത്തില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ വിമര്‍ശനവും ആക്ഷേപവും ഉണ്ടാവാം. അതില്‍ പതറാതിരിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. ബോധ്യമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കാനും നിലപാടുകള്‍ അറുത്തുമുറിച്ച് പറയാനും പോള്‍ ആന്റണിക്ക് കഴിഞ്ഞിരുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുള്ള വികസനം കൂടി മുന്നില്‍ കണ്ടാണ് അദ്ദേഹം പല കാര്യങ്ങളിലും നടപടി സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയാകുന്നതിന് മുമ്പ് വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുമ്പോഴും മാതൃകാപരമായ നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരുന്ന കാര്യം മുഖ്യമന്ത്രി പരാമര്‍ശിച്ചു.
കുറഞ്ഞ കാലം കൊണ്ട് കൂടുതല്‍ കാലത്തെ അനുഭവം സൃഷ്ടിച്ചെടുക്കാന്‍ കുറച്ചു പേര്‍ക്കേ സാധിക്കൂ. സ്‌നേഹപൂര്‍വമായ പെരുമാറ്റം, ഉയര്‍ന്ന നിലവാരത്തിലുള്ള അര്‍പ്പണബോധം, സൂക്ഷ്മ അവലോകന ശക്തി, ഭാവനാപൂര്‍ണമായ ആസൂത്രണ ശേഷി, പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാനുള്ള നിര്‍വഹണ ശേഷി എന്നിവ പോള്‍ ആന്റണിയുടെ പ്രത്യേകതയാണ്. അദ്ദേഹം പടിയിറങ്ങുന്നത് സമയനിബന്ധനകളില്ലാത്ത വിശാലമായ ലോകത്തേക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടിക്കാലത്ത് സെക്രട്ടേറിയറ്റിന് മുന്നിലൂടെ നടക്കുന്ന വേളയില്‍ ഇങ്ങനെയൊരു ദിനം ജീവിതത്തിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് മറുപടി പ്രസംഗത്തില്‍ ചീഫ് സെക്രട്ടറി പറഞ്ഞു. കെ. ആര്‍. ഗൗരിയമ്മ, ഇ. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങി നിരവധി പ്രഗത്ഭരായ മന്ത്രിമാര്‍ക്കും മിടുക്കരായ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. ചീഫ് സെക്രട്ടറിയായപ്പോള്‍ ഉദ്യോഗസ്ഥരുടെ മികച്ച ഒരു ടീമിനെയാണ് ലഭിച്ചത്. വികസന പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തെക്കുറിച്ച് ഡല്‍ഹിയിലുണ്ടായിരുന്ന മോശം അഭിപ്രായം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. എം. മണി. കെ. കെ. ശൈലജ ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, ഡോ. കെ. ടി. ജലീല്‍, നിയുക്ത ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

3 Attachments