– മുറിയിലെ മറ്റു സൗകര്യമനുസരിച്ച് സമ്പർക്കത്തിലാകാതെ ഗൃഹചികിത്സയിൽ കഴിയാം
ആലപ്പുഴ: പ്രകടമായ രോഗലക്ഷണങ്ങളോ ജീവിത ശൈലി രോഗങ്ങളോ ഇല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സയിൽ (ഹോം ഐസോലേഷനിൽ) കഴിയാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനുവർഗീസ് അറിയിച്ചു. മുറിയോട് ചേർന്ന് ശുചിമുറി സൗകര്യമുള്ളവർക്ക് വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കത്തിലാകാതെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളനുസരിച്ച് ഗൃഹചികിത്സയിൽ കഴിയാം.
രോഗലക്ഷണങ്ങൾ പ്രകടമായ ദിവസം മുതലോ പരിശോധനയിൽ പോസിറ്റീവ് ആയ ദിവസം മുതലോ 10 ദിവസത്തേക്ക് രോഗി ഹോം ഐസൊലേഷനിൽ തുടരണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. ഗൃഹ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ കിതപ്പ്, നെഞ്ചുവേദന, അതിയായ ക്ഷീണം, മയക്കം, ശ്വാസം മുട്ടൽ, കഫത്തിലോ മൂക്കിലെ സ്രവത്തിലോ രക്തം കാണുക തുടങ്ങിയ ലക്ഷണങ്ങൾ അപായ സൂചനകളായി തിരിച്ചറിഞ്ഞ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. പഞ്ചായത്ത്/നഗരസഭ ഹെൽപ്പ് ഡെസ്‌കിൽ വിളിച്ച് വാഹന സൗകര്യം ലഭ്യമാക്കി തൊട്ടടുത്ത് ട്രയാജ് സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് മാറണം. കായംകുളം, ഹരിപ്പാട്, ചേർത്തല താലൂക്ക് ആശുപത്രികൾ, ആലപ്പുഴ ജനറൽ ആശുപത്രി എിവിടങ്ങളിൽ ട്രയാജ് സൗകര്യമുണ്ട്. കോവിഡ് ആശുപത്രികളിൽ നിന്ന് സി.എഫ്.എൽ.റ്റി.സി.യിലേയ്‌ക്കോ സി.എസ്.എൽ.റ്റി.സി.യിലേയ്‌ക്കോ സ്വകാര്യ ആശുപത്രികളിലേക്കോ റഫർ ചെയ്താൽ അങ്ങോട്ടേയ്ക്ക് വേഗം തന്നെ മാറണം. വീട്ടിൽ കഴിയാൻ സൗകര്യമില്ലാത്ത കോവിഡ് രോഗികൾ അടുത്തുള്ള ഗൃഹ പരിചരണ കേന്ദ്രത്തിലേയ്ക്ക് (ഡി.സി.സി) മാറണം. സംശയങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിൽ വിളിക്കാം ഫോൺ: 0477 2239999.