ഇടുക്കി: തൊടുപുഴ നഗരസഭാ പരിധിയില്‍ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു.

നഗരസഭയിലെ 1, 3, 10, 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. രോഗവ്യാപനം ഇനിയും കൂടിയാല്‍ മറ്റ് വാര്‍ഡുകള്‍ കൂടി അടച്ചു പൂട്ടേണ്ടി വരും.

ജനങ്ങള്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ആളുകള്‍ ഒത്തു കൂടുന്നത് പരമാവധി ഒഴിവാക്കണണെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. നഗരസഭാ ഉദ്യോഗസ്ഥര്‍, പോലീസ്, സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കും. വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നിലധികം ആളുകള്‍ കോവിഡ് ബാധിതരായാല്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടതായി വരും. വഴിയോര കച്ചവടക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നവര്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും, വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.