കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ, താലൂക്ക് ആശുപത്രി, ലേബര്‍ ഓഫീസ് എന്നിവ സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിമലാംബിക എല്‍.പി. സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ കോവാക്‌സിനാണ് നല്‍കിയത്. കൊട്ടാരക്കര, ചടയമംഗലം ലേബര്‍ ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1000 അതിഥി തൊഴിലാളികള്‍ക്കാണ് ആദ്യഘട്ട വാക്‌സിന്‍ നല്‍കിയത്.
വാക്‌സിന്‍ ലഭിക്കാത്തവര്‍ക്കായി വീണ്ടും വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി ആര്‍.എം.ഒ. ഡോ. മെറീന പോള്‍ പറഞ്ഞു. ശക്തികുളങ്ങര ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ കാവനാട് അരവിള സെന്റ് ജോര്‍ജ് പള്ളിയിലെ മദര്‍ തെരേസ പാരിഷ് ഹാളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ബോസ്‌കോ പറഞ്ഞു.
ചിറക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കന്നു കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്ന് പ്രസിഡന്റ് അറിയിച്ചു. നിലവില്‍ പോളച്ചിറ, മാലാക്കായല്‍ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പ്രത്യേക നിയന്ത്രണത്തിലാണ്. 42 പേര്‍ ഡിസിസിയില്‍ ചികിത്സയിലുണ്ട്. 11503 കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തി. 8689 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3566 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭ്യമാക്കി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 35240 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഡി.സി.സി.യില്‍ 27 രോഗികളാണ് ചികിത്സയിലുള്ളത്. വാര്‍ഡുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ സജീവമായി നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് എസ്. തുളസി പറഞ്ഞു.
കുന്നത്തൂരില്‍ നെടിയവിള പ്രീ-മെട്രിക് ഹോസ്റ്റലില്‍ 30 കിടക്കകളുള്ള ഡി.സി.സി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പഞ്ചായത്തില്‍ രണ്ട് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. ആഴ്ചയില്‍ രണ്ട് ദിവസം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. രോഗികള്‍ കൂടുന്ന പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് (ഓഗസ്റ്റ് 31) ഉച്ചയ്ക്ക് രണ്ടിന് നെടിയവിള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോവിഡ് പരിശോധന നടത്തുമെന്ന്് പ്രസിഡന്റ് വത്സലകുമാരി പറഞ്ഞു. ചിതറയില്‍ ചക്കമല ഫ്‌ളാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സി.യില്‍ 29 രോഗികള്‍ ചികിത്സയിലുണ്ട്. മാങ്കോട്, മടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധനകള്‍ നടത്തി വരുന്നതായും പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.